Join News @ Iritty Whats App Group

മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് പതിവ്; എന്നിട്ടും സമയം പാലിക്കാനാവാതെ വന്ദേ ഭാരത് എക്സ്‌പ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് വന്ദേഭാരതിന് കുതിക്കാന്‍ ട്രാക്കുകളില്‍ പിടിച്ചിടുന്നത് ഒട്ടേറെ ട്രെയിനുകള്‍. സമയം തെറ്റാതെ ഓടിക്കാനുള്ള നീക്കത്തില്‍ വലയുന്നതാവട്ടെ മറ്റു ട്രെയിനുകളിലെ യാത്രക്കാര്‍. കേരളത്തിലെ യാത്ര ആരംഭിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോള്‍ പല ദിവസങ്ങളിലും ട്രയല്‍ റണ്ണിലെ സമയക്രമം പാലിക്കാന്‍ വന്ദേഭാരത് എക്സ്പ്രസിന് ആയിട്ടില്ല.

മറ്റു ട്രെയിനുകളുടെ സമയം ക്രമീകരിച്ചാണ് വന്ദേഭാരതിന്‍റെ യാത്ര. ആദ്യ അടികിട്ടിയത് വേണാട് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക്. പുലര്‍ച്ചെ അഞ്ച് പതിനഞ്ചിന് തിരുവനന്തപുരത്തു നിന്ന് എടുത്തിരുന്ന ട്രെയിന്‍ വന്ദേഭാരതിന് അഞ്ചുമിനിറ്റ് പിന്നിലാണിപ്പോള്‍ യാത്ര തുടങ്ങുന്നത്. ഫലത്തില്‍ വേഗം നിയന്ത്രിച്ച് പിന്നാലെ ഓടുന്നതിനാല്‍ ഓഫീസ് സമയത്ത് എത്തിയിരുന്ന ട്രെയിൻ എറണാകുളത്ത് നേരംതെറ്റി. 

കൊല്ലത്തു നിന്ന് പുലര്‍ച്ചെ യാത്ര തുടരുന്ന പാലരുവി എക്സ്പ്രസും 20 മിനിറ്റുവരെ പിടിച്ചിടുന്നുണ്ട്. വന്ദേഭാരതിന്‍റെ തിരിച്ചുള്ള യാത്രയിലും പാലരുവിക്ക് പിടിവീഴും. കണ്ണൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചറും എറണാകുളം ഇന്‍റര്‍സിറ്റിയും ഏറെനേരമാണ് നിര്‍ത്തിയിടുന്നത്. ഏറനാട് എക്സ്പ്രസിനും വന്ദേഭാരതിന് വഴിയൊരുക്കി നേരം കളയണം. ദില്ലി-തിരുവന്തപുരം കേരള എക്സ്പ്രസ് ഇന്നലെ ഇടപ്പള്ളിയില്‍ നിര്‍ത്തിയിട്ടത് 50 മിനിറ്റോളമാണ്. 

എന്നിട്ടും ട്രയൽ റണ്ണില്‍ കുറിച്ച നേരത്ത് തന്നെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ പലദിവസങ്ങളിലും വന്ദേഭാരതിന് കഴിഞ്ഞിട്ടില്ല. കുറഞ്ഞ സമയം കൊണ്ട് ഉയര്‍ന്നവേഗം കൈവരിക്കാനുള്ള മികവുകൊണ്ടാണ് ഒരു പരിധിവരെ സമയ വ്യത്യാസത്തെ വന്ദേഭാരത് എക്സ്പ്രസ് മറികടക്കുന്നത്. വന്ദേഭാരതിന്‍റെ രാവിലത്തെ യാത്ര ആരംഭിക്കുന്നത് അഞ്ചുമണിക്കും മടക്കയാത്ര മൂന്നരയ്ക്കുമായി പുനക്രമീകരിച്ചാല്‍ ഈ ബുദ്ധിമുട്ടിന് പരിഹാരം കാണാനാകുമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group