Join News @ Iritty Whats App Group

ഇരിട്ടി - അയ്യൻകുന്നിൽ എത്തിയത് ഒരു സ്ത്രീ ഉൾപ്പെടെ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം

ഇരിട്ടി: അയ്യങ്കുന്നിലെ വാണിയപ്പാറയിലും സായുധരായ മാവോയിസ്റ്റ് സംഘമെത്തി. ഒരു സ്ത്രീ ഉൾപ്പെടുന്ന സായുധരായ അഞ്ചംഗ സംഘമാണ് എത്തിയത്. ഒരു മാസം മുൻപ് ആറളം കീഴ്പ്പള്ളിയിലെ വിയറ്റ്നാമിൽ എത്തിയ മാവോയിസ്റ്റ് സംഘം അയ്യൻകുന്നിലെ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി തകർക്കുമെന്ന് അവിടുത്തെ വീട്ടുകാരോട് പറഞ്ഞതായ മൊഴി പൊലീസിന് നൽകിയിരുന്നു. ഇതിനെത്തിയടർന്ന് ബാരാപ്പോളിന് സുരക്ഷാ ഏർപ്പാടാക്കി നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് സംഘം അയ്യങ്കുന്നിലെത്തിയിരിക്കുന്നത്. 
വെള്ളിയാഴ്ച രാത്രി 7.15 ഓടെയാണ് സംഘം വാണിയപ്പാറയിലെ കളിതട്ടുംപാറയില മണ്ണൂരാംപറമ്പിൽ ബിജുവിൻ്റെ വീട്ടിലെത്തിയത്. 
രണ്ട് എ കെ 47 തോക്കുകളും മൂന്ന് റൈഫിളുകളും ഉൾപ്പെടെയുള്ള മാരക ആയുധങ്ങളാണ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്നതെന്ന് ബിജു പൊലീസിന് മൊഴി നൽകി. വീട്ടിലെത്തിയ ഇവർ പാചകം ചെയ്ത ഭക്ഷണവും ഭക്ഷ്യ സാധനങ്ങളും മൊബൈൽ ചാർജിങ്ങ് സൗകര്യങ്ങളും ആവശ്യപ്പെടുകയായിരുന്നു. തങ്ങൾക്കായി കരുതിയിരുന്ന ഭക്ഷണം കഴിച്ച സംഘം വീട്ടിലുണ്ടായിരുന്ന 5കിലോ അരിയും സവോളയും വസ്ത്രങ്ങളും ഉൾപ്പെടെ വാങ്ങി. രണ്ട് മണിക്കൂറോളം ഇവിടെ കഴിച്ചുകൂട്ടിയ സംഘം ഫോണുകളും പവർ ബാങ്കും ചാർജ് ചെയ്‌ത ശേഷം രാത്രി 9.45ഓടെ തിരിച്ചു പോവുകയായിരുന്നു. ആദ്യം ഒരാൾ മാത്രമാണ് വീട്ടിലെത്തിയത്. പിന്നീട് തോക്കടക്കം കയ്യിലേന്തി 4 പേർ കൂടി വന്നതോടെ തങ്ങൾ ഭയന്നതായും ബിജുവും കുടുംബവും പറഞ്ഞു. തങ്ങളെ ഭയക്കേണ്ടതില്ലെന്നും അവർ തിരികെ പോകും വരെ വീട്ടിൽ ഉള്ളവർ മറ്റ് ആരുമായും ഫോണിൽ ബന്ധപ്പെടരുതെന്നും തങ്ങളുടെ ഫോണിലേക്കു വരുന്ന കോളുകൾ എടുക്കുമ്പോൾ തങ്ങളെക്കുറിച്ച് പറയരുതെന്നും മാവോയിസ്റ്റുകൾ ഇവർക്ക് നിർദേശം നൽകിയിരുന്നു. ഇവർ പോയ ശേഷമാണു ബിജു തന്റെ സുഹൃത്തുക്കളെയും മറ്റും വിളിച്ച് വിവരം അറിയിക്കുന്നത്. 
ഒരു മാസം മുൻപ് കീഴ്പ്പള്ളിയിലെ വിയറ്റ്നാമിൽ എത്തിയ മാവോയിസ്റ്റുകൾ ബാരാപ്പോൾ മിനി വൈദ്യുത നിലയം തകർക്കുമെന്ന് പറഞ്ഞിരുന്നതായി മൊഴിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാരാപോളിൽ അതീവ സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ വാവോയിസ്റ്റ് സംഘം എത്തിയസ്ഥലം ബാരാപ്പോളിന്റെ സമീപ പ്രദേശമാണ്. അതുകൊണ്ടുതന്നെ അതീവ ഗൗരവത്തോടെയാണ് പൊലിസ് ഇവരുടെ സന്ദർശനത്തെ കാണുന്നത്. 
ഇരിട്ടി ഡി വൈഎസ് പി സജേഷ് വാഴാളപ്പിൽ, കരിക്കോട്ടകരി പൊലിസ് ഇൻസ്പെക്ടർ പി.ബി. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി ബിജുവിനോടും കുടുംബത്തോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. വന്നത് മാവോയിസ്റ്റ് സംഘമാണെന്ന് പൊലിസ് സ്ഥിരീകരിച്ചത് ബിജുവിന്റെ മൊഴിയിൽ നിന്നാണ്. അഞ്ചുപേരെയും തിരിച്ചറിഞ്ഞതായും ഇവർക്കായി പ്രത്യേക അന്വേഷണം ആരംഭിച്ചതായും മലയോരത്തെ വനമേഖല അതിർത്തിപങ്കിടുന്ന പൊലിസ് സ്റ്റേഷൻ പരിധിയിൽ കനത്ത നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയതായും പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group