ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പോകേണ്ട എന്ന തീരുമാനിച്ചതില്‍ സന്തോഷമുണ്ട് എന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം. നമ്മുടെ രാജ്യത്തെ ചിലര്‍ പിന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത് എന്നും ശരദ് പവാര്‍ പറഞ്ഞു.
'ഞാന്‍ രാവിലെയാണ് സംഭവം കണ്ടത്. അവിടെ പോകുന്നില്ല എന്ന് തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അവിടെ നടന്ന കാര്യങ്ങള്‍ കണ്ടിട്ട് എനിക്ക് ആശങ്ക തോന്നുന്നു. നമ്മള്‍ രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണോ? ഈ പരിപാടി പരിമിതമായ ആളുകള്‍ക്ക് മാത്രമായിരുന്നോ എന്നും ശരദ് പവാര്‍ ചോദിച്ചു. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ചടങ്ങുകളോടെ ചെങ്കോല്‍ സ്ഥാപിച്ച് കൊണ്ടായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.
അവിടെ സംഭവിച്ചതെല്ലാം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ രാജ്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തിന്റെ നേര്‍ വിപരീതാണ് എന്നും അദ്ദേഹം പറഞ്ഞു. ആധുനിക ശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹം ഉണ്ടാക്കാന്‍ നെഹ്റു ആഗ്രഹിച്ചിരുന്നു. അതിന്റെ വിപരീതമാണ് അവിടെ നടന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സന്നിഹിതനായിരുന്നു, എന്നാല്‍ രാജ്യസഭാ തലവനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, അവിടെ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ പാര്‍ലമെന്റുമായി ജനങ്ങള്‍ക്ക് പ്രത്യേക ബന്ധമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്റിനെ കുറിച്ച് ജനങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി. എന്‍ സി പി നേതാവ് സുപ്രിയ സുലെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ അപൂര്‍ണ്ണമായ പരിപാടി എന്നാണ് വിശേഷിപ്പിച്ചത്.
പ്രതിപക്ഷമില്ലാതെ പുതിയ പാര്‍ലമെന്റ് മന്ദിരം തുറക്കുന്നത് അപൂര്‍ണ്ണമായ സംഭവമാണ്. അതിന് അര്‍ത്ഥം രാജ്യത്ത് ജനാധിപത്യം ഇല്ല എന്നാണ് എന്നും സുപ്രിയ സുലെ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചത്. ലോകസഭാ ചേംബറില്‍ മോദി ചെങ്കോല്‍ സ്ഥാപിക്കുകയും ചെയ്തു. കര്‍ണാടകയിലെ ശൃംഗേരി മഠത്തില്‍ നിന്നുള്ള പുരോഹിതന്‍മാരുടെ നേതൃത്വത്തില്‍ ഗണപതി ഹോമം അടക്കം നടത്തിയായിരുന്നു ഉദ്ഘാടന ചടങ്ങ്.
Post a Comment