Join News @ Iritty Whats App Group

കൊട്ടിഘോഷിച്ച് അവതരിച്ചു, ലക്ഷ്യം പൂർത്തീകരിക്കാത്ത ഒടുക്കം; 2000 നോട്ടിന്റെ കഥ!




ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ സർജിക്കൽ സ്ട്രൈക്ക് എന്നായിരുന്നു നോട്ടുനിരോധനത്തെ കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത്. 2016 നവംബർ രാത്രി എട്ടിന് അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അതുവരെ നിലവിലുണ്ടായിരുന്നതും ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നതുമായ 500, 1000 നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചു. അന്ന് അർധരാത്രിമുതൽ ഈ നോട്ടുകൾക്ക് നിയമസാധുതയുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. കള്ളപ്പണം തടയൽ, വ്യാജ കറൻസി തടയൽ, തീവ്രവാദത്തിന്റെ ഫണ്ടിങ് ഇല്ലാതക്കൽ. ഡിജിറ്റൽ എക്കോണമിയുടെ ശക്തിപ്പെടുത്തൽ എന്നീ കാര്യങ്ങളാണ് അന്ന് കേന്ദ്രം പറഞ്ഞത്.

നോട്ടുനിരോധനത്തെ തുടർന്ന് വലിയ ആശങ്കയാണ് രാജ്യത്തുടനീളമുണ്ടായത്. കൈയിലുണ്ടായിരുന്ന നോട്ട് മാറി കിട്ടാൻ ബാങ്കുകൾക്ക് മുന്നിലും എടിഎമ്മിന് മുന്നിലും മീറ്ററുകൾ നീളുന്ന ക്യൂ പ്രത്യക്ഷപ്പെട്ടു. 500, 1000 നോട്ടുകൾക്ക് പകരം എത്ര മൂല്യമുള്ള കറൻസി നോട്ടുകൾ വരുമെന്നതായി പിന്നീടത്തെ പ്രധാന ചർച്ച. അങ്ങനെയാണ് നോട്ടുനിരോധനത്തിന് പിന്നാലെ 2000ത്തിന്റെ നോട്ടും കെട്ടും മട്ടും മാറിയ 500 രൂപയുടെ നോട്ടും അവതരിച്ചത്. 

വലിയ അഭ്യൂഹങ്ങളും പ്രതീക്ഷകളുമാണ് 2000 രൂപയുടെ നോട്ടിനെക്കുറിച്ച് പ്രചരിച്ചത്. ചിപ്പുള്ള നോട്ടാണ് 2000 രൂപ കറൻസിയെന്ന് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കള്ളപ്പണം ത‌ടയാനും ഭീകരവാദത്തിന് ഫണ്ടിങ് തടയാനും സഹായകരമാകുന്ന അതിനൂതനമായ സാങ്കേതിക വിദ്യയുള്ളതാണ് നോട്ടെന്നും പ്രചരിച്ചു. നോട്ട് ഇരിക്കുന്ന സ്ഥലം വരെ ട്രാക്ക് ചെയ്യാമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇതിനൊന്നും ഔദ്യോദിക സ്ഥിരീകരണമുണ്ടായിരുന്നില്ല. വ്യാജനോട്ടുകളുടെ വിതരണം തടയാൻ സാധിക്കുമെന്നും അവകാശവാദമുയർന്നു. അങ്ങനെ വലിയ രീതിയിൽ കൊട്ടിഘോഷിച്ചാണ് 2000 രൂപയുടെ നോട്ട് പുറത്തിറങ്ങിയത്. നോട്ട് വിതരണം ചെയ്ത മുതൽ പ്രശ്നങ്ങളും തുടക്കത്തിലുണ്ടായി.

ചില്ലറ മാറ്റിക്കിട്ടലായിരുന്നു ആദ്യം നേരിട്ട പ്രതിസന്ധി. 2000 രൂപയുടെ നോട്ടുമായി എത്തിയ പലർക്കും ചില്ലറ കി‌ട്ടിയില്ല. പല വ്യാപാര സ്ഥാപനങ്ങളിലും 2000 രൂപയുടെ വേണ്ടെന്ന് നിലപാടെടുത്തു. ഒടുവിൽ 500, 200 രൂപയുടെ നോട്ടുകൾ വ്യാപകമായതോടെയാണ് ഈ പ്രശ്നത്തിന് പരിഹാരമായത്. പതിയെ പതിയെ 2000 രൂപയുടെ നോ‌ട്ടിനോടുള്ള താൽപര്യം റിസർവ് ബാങ്കിനും കേന്ദ്ര സർക്കാറിനും കുറഞ്ഞു വന്നു. ഇതിനിടെ 2000 നോട്ടിന്റെ വ്യാജ പതിപ്പും പലയിടത്തും പിടികൂടി. 2000 സാധാരണ നോട്ട് മാത്രമാണെന്ന് ബോധ്യപ്പെ‌‌‌ട്ടു. പതിയെ പതിയെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് നടപടി തുടങ്ങി. പുതിയ നോട്ടുകൾ അച്ചടിക്കുന്നത് ഘട്ടംഘട്ടമായി നിർത്തിയാണ് റിസർവ് ബാങ്ക് ഒടുവിൽ പൂർണമാ‌യ പിൻവലിക്കലിലേക്കെത്തിയത്.  

2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വെള്ളിയാഴ്ചയാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. 2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. മെയ് 23 മുതൽ നോട്ടുകൾ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബർല 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group