മഞ്ചേരി: ബംഗാള്‍ സ്വദേശിനിയായ പതിനാറുകാരിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇന്ന് വിധി പറയും. സംഭവം നടന്ന് അഞ്ച് വർഷം ആകാറാകുമ്പോളാണ് കേസിലെ വിധി വരുന്നത്. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16) ന്റെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി. ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള 12000 രൂപ ചോദിച്ചിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വിരോധം മൂലം പെണ്‍കുട്ടിയെ കത്തികൊണ്ട് പലതവണ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 സെപ്തംബര്‍ 28നാണ് കേസിന്നാസ്പദമായ സംഭവം.
ജോലി സ്ഥലത്തു നിന്നും രാവിലെ 9 മണിയോടെ പെണ്‍കുട്ടി താമസിക്കുന്ന തിരൂര്‍ തൃക്കണ്ടിയൂര്‍ വിഷുപ്പാടത്തെ വാടക വീട്ടിലെത്തിയ പ്രതി കിട്ടാനുള്ള പണം സംബന്ധിച്ച് ഏറെ നേരെ സംസാരിക്കുകയും വാക്തര്‍ക്കമുണ്ടാകുകയും 12.30 മണിയോടെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപാതക സമയത്ത് പ്രതിധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീടിന്റെ കോണിക്കൂടിനു താഴെ ടയര്‍ കൊട്ടകള്‍ക്കിടയില്‍ ഒളിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കേസുണ്ട്.
പെണ്‍കുട്ടിയുടെ നെഞ്ചിലും വയറ്റിലും കാലിലുമായി എട്ട് കുത്തുകള്‍ ഏറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2018 സെപ്തംബര്‍ 28ന് തിരൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ടി പി ഫര്‍ഷാദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Post a Comment