Join News @ Iritty Whats App Group

ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു


കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.

പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. എണ്ണം തടികളളക്കുന്നതിൽ മിടുക്കനായി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. 

1982ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം. കാര്യമായ ശ്രദ്ധ കിട്ടിയില്ല. 4 കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം. എന്ന് വെച്ചാൽ മോഹൻലാൽ മാഷിന്റെ സാൾട്ട് മാംഗോ ട്രീ സിനിമ. കോയ മാഷ് ക്ലിക്കായി. തനി കോഴിക്കോടൻ നാടൻ വർത്തമാനം. കൂസാത്ത കൗണ്ടറുകൾ പറയുന്ന കല്ലായിയിലെ പഴയ മരഅളവുകാരനെ കണ്ട് ജനം ആർത്തു ചിരിച്ചു. പിന്നിട് മാമുക്കോയ തിരിഞ്ഞ് നോക്കിയിട്ടില്ല, ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യനന്തിക്കാടെനന്ന സംവിധായകനും ചേർന്ന് മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്തിയപ്പോൾ കൂടെ സ്ഥിരമായുണ്ടായിരുന്നത് മാമുക്കോയയാണ്. 

നാടോടിക്കാറ്റിലെ ഗഫൂർ... സന്ദേശത്തിലെ എകെ പൊതുവാളെന്നിങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ സ്ക്രീനിൽ നിറഞ്ഞു നിന്നു. പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. 30 വർഷം മുമ്പുള്ള 
മാമുക്കോയയുടെ സംഭാഷണങ്ങൾ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു. 

തമാശവേഷങ്ങൾക്കിടെ തേടി വന്ന ചില വേഷങ്ങൾ മാമുക്കോയയിലെ സ്വാഭാവിക നടനെ പുറത്ത് കൊണ്ട് വന്നു. പെരുമഴക്കാലത്തെ അബ്ദു അതിലൊന്നായിരുന്നു. ഒടുവിൽ ചെയ്ത കുരുതിയിലെ മൂസാക്ക ആ നടനിലെ തീപ്പൊരി അണഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. കുതിരവട്ടം പപ്പുവും 
വൈക്കം മുഹമ്മദ് ബഷീറുമായിരുന്നു മാമുക്കോയക്ക് വഴികാട്ടിയ രണ്ട് പേർ. അവരെക്കുറിച്ച് രസകരമായ ഓർമ്മകൾ പങ്ക് വെക്കുമായിരുന്നു മാമുക്കോയ.

250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും അരക്കിണറിലേയും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മനുഷ്യൻ.. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയക്ക്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. ആ കഥാപാത്രങ്ങൾ തഗ്ഗ് ലൈഫായും ട്രോളായും സ്വാഭാവികാഭിനയത്തിന്റെ പാഠപുസ്തകമായും ഇവിടെതന്നെ കാണും...

Post a Comment

Previous Post Next Post
Join Our Whats App Group