Join News @ Iritty Whats App Group

ഒന്നരപതിറ്റാണ്ടിലേറെ താമസിച്ച വീടിനോട് വിട, രാഹുലിന്‍റെ ഔദ്യോഗിക വസതി നാളെ ലോക്സഭ സെക്രട്ടറിയേറ്റിന് കൈമാറും


ദില്ലി: ഔദ്യോഗിക വസതിയൊഴിയാനുള്ള നടപടികള്‍ വേഗത്തിലാക്കി രാഹുല്‍ഗാന്ധി. അയോഗ്യനായ സാഹചര്യത്തില്‍ നാളെക്കുള്ളിൽ വസതിയൊഴിയാനാണ് രാഹുലിനോട് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അടുത്തയാഴ്ച അപ്പീല്‍ നൽകുമെന്ന് കോൺഗ്രസ് സൂചിപ്പിച്ചു. ദില്ലി തുഗ്ലക്ക് ലൈനിലെ രാഹുല്‍ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും സാധാനങ്ങള്‍ മാറ്റുന്നത് തുടരുകയാണ്. നാളെയാകും രാഹുല്‍ഗാന്ധി വീട് ലോക്സഭ സെക്രട്ടറിയേറ്റിന് കൈമാറുക. 

 രാഹുല്‍ എങ്ങോട്ട് താമസം മാറുമെന്നതില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് ചില സാധനങ്ങള്‍ രാഹുല്‍ മാറ്റിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും ഇനി രാഹുലിൻറെ ഓഫീസ്. വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണെന്നും എന്നാൽ നിർദേശം അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ വസതിയൊഴിയുമെന്നുമാണ് രാഹുല്‍ അധികൃതർക്ക് നൽകിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നാളെ വീടൊഴിയുമ്പോള്‍ പ്രിയങ്കഗാന്ധിയടക്കമുള്ള നേതാക്കള്‍ രാഹുലിന്‍റെ വസതിയിലെത്തിയേക്കും.

ആദ്യമായി എംപിയായ ശേഷം 2005 മുതല‍് തുഗ്ലക്ക് ലൈൻ പന്ത്രണ്ടിലെ വസതിയിലാണ് രാഹുല്‍ താമസിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായപ്പോഴും ഇവിടെ തന്നെയാണ് രാഹുൽ താമസിച്ചത്. വീടൊഴിയുന്നത് ഉൾപ്പടെയുള്ള കാഴ്ചകൾ രാഹുലിന് അനുകൂലമായ സഹതാപത്തിൻറ അന്തരീക്ഷം ഉണ്ടാക്കുമെന്ന് കോൺഗ്രസ് കരുതുന്നു. കുറ്റക്കാരനെന്നു വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്നലെ ഗുജറാത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ അടുത്തയാഴ്ച അ്പ്പീൽ നല്കും. സെഷൻസ് കോടതി ഉത്തരവ് വിലയിരുത്താൻ അഭിഭാഷകരുടെ സംഘം ഇന്നലെ യോഗം ചേർന്നു. നിയമനടപടി നിരീക്ഷിച്ച ശേഷമേ വയനാട് ഉപതെരഞ്ഞടുപ്പ് ആലോചിക്കൂ എന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ ഇന്നലെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group