Join News @ Iritty Whats App Group

'കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ കർണാടകയിൽ വർ​ഗീയ കലാപമുണ്ടാകും'; അമിത് ഷാക്കെതിരെ പരാതിയുമായി കോൺ​ഗ്രസ്


ബെം​ഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ പരാതിയുമായി കോൺ​ഗ്രസ്. പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനും വിദ്വേഷവും വളർത്തുന്നതിനും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനുമെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജേവാല, ഡോ. പരമേശ്വര, ഡി.കെ.ശിവകുമാർ എന്നിവർ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്താകെ വർ​ഗീയ കലാപമുണ്ടാകുമെന്ന പ്രസ്താവനയാണ് പരാതിക്കടിസ്ഥാനമെന്ന് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞു. പരിപാടിയുടെ സംഘാടകർക്കും അമിത് ഷാക്കുമെതിരെ എത്രയും വേ​ഗത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

വിജയപുരയിൽ നടന്ന റാലിയിൽ സംസ്ഥാനത്ത് വ്യത്യസ്ത വിഭാ​ഗങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷം വളർത്താനും ബിജെപി ശ്രമിച്ചെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ ബോധപൂർവം തെറ്റായ പ്രസ്താവനകൾ നടത്തിയെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. കോൺഗ്രസിനും നേതൃത്വത്തിനും എതിരെ തെറ്റായ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തുകയും ഗുരുതരമായ കുറ്റങ്ങൾ ചെയ്തതായും കോൺ​ഗ്രസ് ആരോപിച്ചു.

കർണാടകയിലെ സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിനും അതിന്റെ മുതിർന്ന നേതാക്കൾക്കുമെതിരെ വ്യാജവും വർഗീയവുമായ നിരവധി ആരോപണങ്ങൾ അമിത് ഷാ ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. 'മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ കസ്റ്റഡിയിലെടുത്ത എല്ലാ പിഎഫ്‌ഐ പ്രവർത്തകരെയും വിട്ടയച്ചിരുന്നുവെന്നും അവരെ വീണ്ടും ജയിലിലടച്ചത് ബിജെപി സർക്കാരാണെന്നും അമിത് ഷാ പറഞ്ഞതായി പരാതിയിൽ ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പിൻവലിക്കുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിട്ടുണ്ടെന്ന തെറ്റായ കാര്യവും അമിത് ഷാ പറഞ്ഞെന്നും പരാതിയിൽ പറയുന്നു. 

വരുണ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിക്ക് പിന്മാറാൻ കൈക്കൂലി വാ​ഗ്ദാനം ചെയ്തെന്ന ആരോപണത്തൽ ബിജെപി നേതാവ് വി സോമണ്ണക്കെതിരെയും പരാതിയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group