Join News @ Iritty Whats App Group

ഇരുചക്ര വാഹനത്തില്‍ കുട്ടിയെകൊണ്ടുള്ള യാത്ര; പിഴ ഒഴിവാക്കാന്‍ നീക്കം, കേന്ദ്രത്തെ സമീപിക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്കൊപ്പം പോകുന്ന കുട്ടിക്ക് പിഴ ഈടാക്കാതിരിക്കാന്‍ നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഗതാഗത വകുപ്പിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ആലോചിക്കാന്‍ 10ന് ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകുന്നുവെന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥയാണ്.

സംസ്ഥാനത്ത് എ ഐ ക്യാമറ വന്നതോടെ ഇരുചക്ര വാഹനത്തില്‍ രക്ഷിതക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന മൂന്നാമത്തെ യാത്രക്കാരനെന്ന കുറ്റം ചുമത്തിത്തുടങ്ങി. ഇത് വ്യാപകമായ പരാതിക്ക് കാരണമായി. ഈ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ സാധിക്കുകയുള്ളൂ. 12 വയസില്‍ താഴെയുള്ള ഒരു കുട്ടിക്കൊപ്പം രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വച്ച് യാത്ര ചെയ്യാനുള്ള അനുമതി തേടാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ നിയമ ഭേദഗതിയോ ഇളവോ തേടാനാണ് നീക്കം.

അതേസമയം, സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ബൈക്കില്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിയെ കയറ്റിയാല്‍ പിഴ ഈടാക്കുന്നതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഈ നിയമത്തെ പരിഹസിച്ചുള്ള ട്രോളുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വന്തം മകനെ ചാക്കില്‍ക്കെട്ടി വണ്ടിയില്‍ കയറ്റിക്കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതിനിടെ, നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. ഇക്കാര്യം കേന്ദ്രമോട്ടോര്‍വാഹന നിയമം സെക്ഷന്‍ 129ല്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോള്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. നാലു വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും) അത്യാവശ്യഘട്ടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകാം എന്നും മേട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് 675 ഏ ഐ ക്യാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജയമായിട്ടുള്ളത്.

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് പ്രസ്തുത ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്ന മറ്റ് കുറ്റങ്ങള്‍ക്ക് കൂടി നോട്ടീസ് തയ്യാറാക്കി അയക്കാന്‍ കഴിയും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇന്‍ഫ്രാറെഡ് ക്യാമറകളാണ് എന്നുള്ളതിനാല്‍ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും.

Post a Comment

Previous Post Next Post
Join Our Whats App Group