Join News @ Iritty Whats App Group

മൂന്ന് സബ്ഡിവിഷൻ ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുത ഭവൻ ഉദ്ഘാടനം ചൊവ്വാഴ്ച

ഇരിട്ടി : വൈദ്യുതി വകുപ്പിന്റെ മൂന്ന് ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുതി ഭവൻ ചൊവ്വാഴ്ച്ച തുറക്കും. പയഞ്ചേരി മുക്കിൽ പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടം ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സണ്ണിജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.  
ഇരിട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡിവിഷൻ, സബ് ഡിവിഷൻ, സെഷൻ ഓഫീസുകളാണ് മിനി വൈദ്യുതി ഭവനിൽ പ്രവർത്തിക്കുക. കെ എസ് ഇ ബിയുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എഞ്ചിനീയർ എന്നിവരുടെ ഓഫീസുകൾ ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്ക് ആശ്വാസമാകും. നിലവിൽ കെ എസ് ഇ ബി ഓഫീസുകൾ സ്ഥലപരിമിതികൾ മൂലം വീർപ്പുമുട്ടുന്നതിനും പരിഹാരമാകും. 1.40 കോടി രൂപ ചെലവിൽ 2021 മാർച്ചിലാണ് ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ജലസേചന വകുപ്പ് വിട്ടുനൽകിയ 43.5 സെന്റിൽ 27.5 സെന്റ് സ്ഥലത്താണ് പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ 5266 ചതുരശ്ര അടിയിൽ കെട്ടിടം ഒരുക്കിയത്. ബാക്കി സ്ഥലം സബ് സ്റ്റേഷൻ നിർമ്മാണത്തിനായി ഉപയോഗിക്കും. കെ എസ് ഇ ബിയുടെ പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതിയിലെ സിവിൽ വിഭാഗമാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.
ഇരിട്ടി , മട്ടന്നൂർ, ശ്രീകണ്ഠാപുരം നഗരസഭകളും 19 ഗ്രാമപഞ്ചായത്തുകളും പുതിയ ഓഫീസിന്റെ കീഴിലാണ്. 1,96,488 ഉപഭോക്താക്കളും ഉണ്ട്. സ്വന്തമായി സ്ഥലം ഉണ്ടായിട്ടും വൈദ്യുതി ഭവന് സ്വന്തമായി ഓഫീസ് ഇല്ലാതത് ഏറെ പ്രയാസം ഉണ്ടാക്കിയിരുന്നു. ഓഫീസുകളെല്ലാം ഒരു കുടകീഴിലായതോടെ ഭരണ പരമായ കാര്യങ്ങളും എളുപ്പം പൂർത്തിയാക്കാൻ കഴിയും. ഉദ്ഘാടനത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച രാവിലെ വിളംബര ജാഥയും ഉണ്ടാകുമെന്ന് ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ. സുരേഷ്, കെ. സോയ, കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ , എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സാനുജോർജ്ജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ സി.കെ. രതീശൻ, ദിനേശൻ ചെക്കിക്കുന്നുമ്മൽ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group