Join News @ Iritty Whats App Group

സഹപാഠിക്ക് സ്നേഹവീട് നിർമ്മിക്കാൻ ബിരിയാണി ചലഞ്ചുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ



ഇരട്ടി: സഹപാഠിക്ക് സ്നേഹവീടൊരുക്കാൻ ബിരിയാണി ചലഞ്ചുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ. വള്ള്യാട് പുളിമുക്ക് സ്വദേശിയും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയുമായ സഹപാഠിക്ക് സ്നേഹവീടു നിർമ്മിക്കുന്നതിനായാണ് ഇവർ ബിരിയാണി ചലഞ്ചുമായി രംഗത്തിറങ്ങിയത്.
ആദ്യഘട്ടത്തിൽ ഇടവേളകളിൽ പലഹാരങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തും വാഷിംഗ് പൗഡറും, സാനിറ്റൈസറും, ഹാൻഡ് വാഷും മറ്റും നിർമ്മിച്ച് വിൽപ്പന നടത്തിയാണ് വീടുനിർമ്മാണത്തിനായുള്ള ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചത്. ഇതിൻ്റെ തുടർ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ ഇവർ ബിരിയാണി ചലഞ്ചുമായി രംഗത്തിറങ്ങിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ് കുമാറിൻ്റെ മേൽനോട്ടത്തിൽ വളണ്ടിയർമാരായ വിദ്യാർത്ഥികൾ തങ്ങളുടെ പ്രദേശത്തെ വീടുകളും, സർക്കാർ സ്ഥാപനങ്ങളും, വ്യാപാര സ്ഥാപനങ്ങളും കയറി ഓർഡർ സ്വീകരിച്ചു. ഈകാരുണ്യ കൂട്ടായ്മയ്ക്ക് പിന്തുണയുമായി സ്കൂൾ പിടിഎ ഭാരവാഹികളും അധ്യാപകരും ജനപ്രതിനിധികളും കൈകോർത്തതോടെ ബിരിയാണി ചലഞ്ച് മെഗാ ബിരിയാണി ചലഞ്ച് ആയിമാറി. ഇങ്ങിനെകിട്ടിയ ഓർഡർ പ്രകാരം വ്യാഴാഴ്ച സ്‌കൂളിൽ വെച്ചുതന്നെ മൂവായിരത്തോളം പേർക്കുള്ള ബിരിയാണി തയ്യാറാക്കി ഇവർ വിൽപ്പന നടത്തി ഫണ്ട് സമാഹരിക്കുകയായിരുന്നു.  
 തയ്യാറാക്കിയ ബിരിയാണി ഓർഡറുകൾ അനുസരി അധ്യാപകരും എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പിടിഎ ഭാരവാഹികളും വാഹനങ്ങളിൽ ഇരിട്ടി മേഖലയിലെ വിവിധ പ്രദേശങ്ങളിലെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു. നഗരസഭ കൗൺസിലർ പി. രഘു, പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, വൈസ് പ്രസിഡണ്ട് ആർ.കെ.ഷൈജു, മദർ പിടിഎ പ്രസിഡണ്ട് ആർ.കെ. മിനി, അധ്യാപകരായ കെ.വി. സുജേഷ് ബാബു, ബിജുകുമാർ, മുരളീധരൻ, ബേബി ബിന്ദു, കെ. ശ്രീലത, ഷിൻ്റോ മാത്യു, എൻ എസ് എസ് വളണ്ടിയർമാരായ പി.എസ്. സായന്ത്, പി.അബിൻ, അരുൺദേവ് സി.പി. കാർത്തിക്, ദിനകർ ദേവ്, വിനയ ദിവാകർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group