Join News @ Iritty Whats App Group

അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിട്ടു; ജിപിഎസ് റേഡിയോ കോളറിൽ നിന്നും സി​ഗ്നൽ ലഭിച്ചുതുടങ്ങി




ചിന്നക്കനാലിനെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾ‌ക്കാട്ടിൽ തുറന്നുവിട്ടു. പുലർച്ചെ നാലാ മണിയോടെയായിരുന്നു അരിക്കൊമ്പനെ തുറന്നുവിട്ടത്. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം മയക്കു വെടിവെച്ചാണ് ഇന്നലെ അരിക്കൊമ്പനെ പിടിച്ചത്. അസമിൽ നിന്ന് എത്തിച്ച ജിപിഎസ് കോളർ ഘടിപ്പിച്ചാണ് അരിക്കൊമ്പനെ തുറന്ന് വിട്ടിരിക്കുന്നത്. ഈ സംവിധാനം വഴി ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കും.

അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ച ജി.പി.എസ്. റേഡിയോ കോളറിൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായാണ് വനംവകുപ്പ് അധികൃതർ അറിയിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 23 കിലോമീറ്റർ അകലെ ആയിട്ടാണ് അരി കൊമ്പനെ തുറന്നുവിട്ടത്. പരിശോധനയിൽ കൊമ്പന് ആരോ​ഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് വനം വകുപ്പ് പറഞ്ഞത്. ആനയുടെ ശരീരത്തിലെ മുറിവുകൾ സാരമുള്ളത് അല്ലെന്നും വനം വകുപ്പ് പറഞ്ഞു.

അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്നത് ഉപഗ്രഹ ട്രാക്കിങ്ങുള്ള കോളറാണ് . പെരിയാർ വന്യജീവിസങ്കേതത്തിൽ തന്നെ ആകും ട്രാക്കിങ് കേന്ദ്രം. റേഡിയോ ട്രാൻസ്മിറ്റർ വെള്ളം കയറാത്തതും പെട്ടെന്ന് പൊട്ടാത്തതുമായ ഒരു ചെപ്പിനുള്ളിൽ ആക്കി കഴുത്തിൽ പിടിപ്പിക്കാനായി തുകൽസമാനമായ ബെൽറ്റും ഉണ്ട് . കോളറിൽനിന്നുള്ള സിഗ്‌നലുകൾ സാറ്റ്ലൈറ്റ് വഴി ട്രാക്കിങ് കേന്ദ്രത്തിൽ ലഭിക്കും

അതേസമയം കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നതിന്റെ ഭാ​ഗമായി ഇന്ന് കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അഞ്ച് മയക്ക് വെടി വെച്ചാണ് അരിക്കൊമ്പനെ പിടിച്ചത്. ശനിയാഴ്ച 11. 57 ഓടെ ആയിരുന്നു ആദ്യത്തെ മയക്കുവെടി, പിന്നീട് 12. 43 നും, 2.1 നും 2. 26 നും മയക്കുവെടി വെച്ചു. പിന്നാലെയാണ് കൊമ്പനെ പിടികൂടിയത്.

വെള്ളിയാഴ്ച മണിക്കൂറുകളോളം അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇന്നലെ ആണ് അരിക്കൊമ്പനെ കണ്ടെത്തിയത്. സിമന്റ് പാലത്തിന് സമീപത്ത് നിന്നായിരുന്നു കണ്ടെത്തിയത്. നേരത്തെ വീടുകളും കടകളുമൊക്കെ ആയി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തിട്ടുണ്ട് എന്നാണ് സർക്കാർ രേഖകൾ പറയുന്നത്.

അതേസമയം അരിക്കൊമ്പന്റെ ആക്രമണത്തിൽ ആരും മരിച്ചതായി ഔദ്യോ​ഗികമായ റിപ്പോർട്ട് ഇല്ല. എന്നാൽ‌ അരിക്കൊമ്പന്റെ ആക്രമണത്തിൽ ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. ഭയപ്പാടിൽ നിർത്തിയ അരിക്കൊമ്പനെ പിടിച്ചതോടെ ആനയെപ്പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ മാറിയിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group