ദുബായ്: ഇന്നലെ ദുബായിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികൾ തങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നെന്ന് അയൽവാസികൾ. റിജേഷ് കളങ്ങാടൻ (38), ഭാര്യ ജെഷി കണ്ടമംഗലത്ത് (32) എന്നീ മലയാളികളാണ് മരിച്ചത്. വിഷു പ്രമാണിച്ച്, നോമ്പ് തുറക്കുന്ന സമയത്തേയ്ക്ക് ഇവർ അയൽവാസികൾക്കായി സദ്യയുണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു.
ദുബായിലെ അൽ റാസ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിക്കുകയും ഒൻപതു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. കെട്ടിടം സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെയാണ് നിർമിച്ചതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
ട്രാവൽ ആൻഡ് ടൂറിസം കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു റിജേഷ് കളങ്ങാടൻ. ഭാര്യ ജെഷി അദ്ധ്യാപികയായിരുന്നു. നോമ്പു തുറന്ന ശേഷം, വിഷു സദ്യ കഴിക്കാൻ കേരളത്തിൽ നിന്നുള്ള മുസ്ലീം സുഹൃത്തുക്കളെ ഇവർ ക്ഷണിച്ചിരുന്നു.
ഫ്ളാറ്റ് നമ്പർ 409 ലാണ് തീപിടിത്തം ഉണ്ടായതെന്ന് അതേ അപ്പാർട്മെന്റിലെ ഫ്ളാറ്റ് നമ്പർ 406 ൽ താമസിക്കുന്നു റിയാസ് കൈക്കമ്പം പറഞ്ഞു. റിജേഷും ഭാര്യയും ഫ്ളാറ്റ് നമ്പർ 405 ലാണ് താമസിച്ചിരുന്നത്. ഇവർ തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലെ ഫ്ളാറ്റിലാണ് മുൻപ് താമസച്ചിരുന്നതെന്നും ഒരു വർഷം മുൻപാണ് ഇവിടേക്കെത്തിയതെന്നും റിയാസ് കൂട്ടിച്ചേർത്തു. ” ഓണത്തിനും വിഷുവിനുമെല്ലാം അവർ ഞങ്ങളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിരുന്നു. ഇത്തവണ റമദാൻ ആയതിനാൽ ഇഫ്താർ അവിടെ വെച്ചാകാമെന്ന് പറഞ്ഞിരുന്നു”, റിയാസ് കൂട്ടിച്ചേർത്തു.
”സംഭവമറിഞ്ഞ് ഞങ്ങൾ വിളിച്ചു. പിന്നീട് കോളുകൾക്ക് പ്രതികരണമൊന്നും ഉണ്ടായില്ല. ഉച്ചയ്ക്ക് 12.35 നാണ് വാട്‌സ്ആപ്പിൽ റിജേഷിന്റെ ലാസ്റ്റ് സീൻ. ഞായറാഴ്ച ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ എന്നെ സഹായിച്ച ആൾ, എന്നെ ഇഫ്താറിന് ക്ഷണിച്ച ആൾ.. അദ്ദേഹവും ഭാര്യയും മരിച്ചെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല”, റിയാസ് ഗൾഫ് ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
തീപിടിത്തം നടക്കുമ്പോൾ കെട്ടിടത്തിൽ ഇല്ലാതിരുന്ന റിയാസിന്റെ റൂംമേറ്റ് സുഹൈൽ കോപ്പയും വേദനയോടെയാണ് റിജേഷിനെയും ഭാര്യയെയും ഓർക്കുന്നത്. ”അയൽക്കാരെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ അതീവ ദുഖിതരാണ്. ഞങ്ങൾ ദിവസവും കാണുകയും സംസാരിക്കുകയും ചെയ്തിരുന്ന ആളുകളാണ് അവർ. 16 അയൽവാസികളെ നഷ്ടപ്പെട്ട അതേ കെട്ടിടത്തിൽ ഇനിയും താമസിക്കണമല്ലോ എന്ന് ചിന്തിക്കുമ്പോൾ തന്നെ നെഞ്ചു തകരുന്നു. അവരിൽ ചിലരോട് ഞങ്ങൾക്ക് വളരെയധികം അടുപ്പം ഉണ്ടായിരുന്നു”, സുഹൈൽ പറഞ്ഞു.
നാട്ടിൽ റിജേഷും ജിഷിയും തങ്ങളുടെ സ്വപ്ന ഭവനം പണിതിരുന്നെന്നും അതിന്റെ ഗൃഹപ്രവേശത്തിനായി അടുത്ത മാസം ഇവർ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു എന്നും റിജേഷിന്റെ പിതൃസഹോദരൻ സുബ്രഹ്മണ്യൻ പറഞ്ഞു. ഇരുവരും അടുത്തിടെ നാട്ടിൽ വന്നിരുന്നു എന്നും ഗൃഹപ്രവേശത്തിനായി വീണ്ടും വരാനിരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”അവർ വീട്ടിലേക്കു വിളിച്ച് എല്ലാവർക്കും വിഷു ആശംസിച്ചിരുന്നു. ഈ ദുരന്ത വാർത്ത വരുന്നത് വരെ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു”, സുബ്രഹ്മണ്യൻ പറഞ്ഞു.
Post a Comment