Join News @ Iritty Whats App Group

കോഴിക്കോട് ഐസ്‌ക്രീം കഴിച്ചശേഷം ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12) മരിച്ചത്. ചങ്ങരോത്ത് എംയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് പരിശോധിക്കുന്നു.

കുട്ടി ഞായറാഴ്ച വൈകിട്ട് ഐസ്‌ക്രീം കഴിച്ചിരുന്നു. പിന്നീട് ഛർദി അനുഭവപ്പെട്ടതിനെത്തുടർന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലും ചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ച അസ്വസ്ഥതകള്‍ വർധിച്ചു. ഇതേതുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

കൊയിലാണ്ടി പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാംപിള്‍ ശേഖരിച്ചു. ഐസ്‌ക്രീം വിറ്റ കട താല്‍ക്കാലികമായി അടച്ച് സീല്‍ ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി. മരണകാരണം ഐസ്ക്രീം കഴിച്ചതാണെന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അസ്മയാണ് അഹമ്മദ് ഹസന്‍ റിഫായിയുടെ മാതാവ്. സഹോദരങ്ങള്‍: ആയിഷ, റസിന്‍ (ചങ്ങരോത്ത് എംയുപി സ്‌കൂള്‍ വിദ്യാർത്ഥികള്‍).

Post a Comment

Previous Post Next Post
Join Our Whats App Group