Join News @ Iritty Whats App Group

'മതം അധികാരത്തിന്‍റെ ചവിട്ടുപടിയായി കരുതുന്നവർക്ക് എന്ത് മതേതരത്വം'; പ്രധാനമന്ത്രിക്ക് സുധാകരൻ്റെ തുറന്ന കത്ത്


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ സുധാകരന്‍റെ തുറന്ന കത്ത്. മതവും രാഷ്ട്രീയവും ബിജെപി കൂട്ടിക്കലര്‍ത്തുന്നെന്ന് കെ സുധാകരൻ കത്തില്‍ പറയുന്നു. മതം അധികാരത്തിന്‍റെ ചവിട്ടുപടിയായി കരുതുന്നവര്‍ക്ക് എന്ത് മതേതരത്വം എന്നായിരുന്നു സുധാകരന്‍റെ ചോദ്യം. 

മദര്‍ തെരേസയുടെ ഭാരതരത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ബിജെപി. ചിലരോടൊപ്പം ചിലരുടെ വികസനം എന്ന മുദ്രവാക്യമാണ് ബിജെപി നടപ്പാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ സുധാകരൻ, എന്തുകൊണ്ട് മൈത്രീ സന്ദര്‍ശനത്തിൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതെന്നും ചോദിച്ചു. പിണറായിയെ കേന്ദ്ര ഏജൻസികൾ തൊടില്ലെന്നും സുധാകരൻ വിമര്‍ശിച്ചു. ലൈഫ് മിഷൻ, സ്വര്‍ണക്കടത്ത് കേസുകളിൽ മുഖ്യപ്രതിയാകേണ്ടയാളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. കൊടകര കുഴൽപ്പണക്കേസ് ഒത്തുതീര്‍പ്പാക്കി. പ്രധാനമന്ത്രിക്ക് ചുവപ്പുപരവതാനി വിരിക്കുമ്പോൾ ബിജെപി സിപിഎം ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും കെ സുധാകരൻ വിമര്‍ശിച്ചു

കെ സുധാകരന്‍റെ തുറന്ന കത്ത് ചുവടെ..

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യന്‍ വീടുകളില്‍ ബിജെപിക്കാര്‍ കയറിയിറങ്ങുന്ന അപൂര്‍വ സാഹചര്യത്തിലാണല്ലോ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. ബിജെപിയുടെ കേന്ദ്രനേതൃത്വം തയാറാക്കിയ തിരക്കഥ പ്രകാരമാണ് ഈ ഉദ്യമം എന്നാണ് അറിയുന്നത്. ഏറ്റവും ഒടുവില്‍ കേട്ടത് മുസ്ലീംകളുടെ സന്ദര്‍ശനം ഒഴിവാക്കിയെന്നാണ്. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നിലധികമുള്ള ഒരു ജനവിഭാഗത്തെ എന്തുകൊണ്ടാണ് മൈത്രീസന്ദര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് അങ്ങു കേരളത്തിലെത്തുമ്പോള്‍ വിശദീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. 

മുസ്ലീംജന വിഭാഗത്തോട് അങ്ങയുടെ സര്‍ക്കാരും പാര്‍ട്ടിയും ഗുജറാത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചെയ്തു കൂട്ടിയ കൊടുംക്രൂരതകള്‍ കാരണം അവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണോ? അതോ അവര്‍ മുഖംതിരിക്കുമെന്ന ഭയമാണോ? എന്‍ആര്‍സി നടപ്പാക്കല്‍, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഗുജറാത്ത് കലാപം, അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍ നിയമം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ പൊള്ളുന്ന വിഷയങ്ങളില്‍ നീതിനിര്‍വഹണവും ക്ഷമായാചനവും ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പും നല്കിയാല്‍ അങ്ങയുടെ കേരള സന്ദര്‍ശനം ചരിത്രസംഭവമായിരിക്കും. 

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപിയുടെ ലോക്‌സഭയിലെയും രാജ്യസഭയിലേയും 400 ഓളം എംപിമാരില്‍ ഒരൊറ്റ മുസ്ലീംപോലും ഇല്ലെന്നത് അങ്ങയെ അലോസരപ്പടുത്തുന്നില്ലേ? ബിജെപി ഭരിക്കുന്ന ഒന്നരഡസനോളം സംസ്ഥാനങ്ങളിലും ഇതുതന്നെയല്ലേ അവസ്ഥ? ഏറ്റവും കൂടുതല്‍ മുസ്ലീംകളുള്ള മൂന്നാമത്തെ രാഷ്ട്രമായ ഇന്ത്യ ഭരിക്കുന്ന അങ്ങയുടെ മന്ത്രിസഭയില്‍ ഒരു മുസ്ലീം പ്രാതിനിധ്യം നല്കാമായിരുന്നില്ലേ? പ്രവാചകനെ അപമാനിച്ച ബിജെപി വക്താക്കളുടെ അധമത്വത്തിനെതിരേ ലോകവ്യാപകമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും അങ്ങയുടെ ശബ്ദം ഉയര്‍ന്നില്ലല്ലോ. 

വിചാരധാര നടപ്പാക്കല്‍

കുരിശുമല കയറിയും അരമനകള്‍ കയറിയും ക്രൈസ്തവരുടെ ഇടയിലേക്ക് കടന്നു ചെല്ലുന്ന കേരള നേതാക്കള്‍ ക്രൈസ്തവരെ ശത്രുക്കളായി കാണുന്ന വിചാരധാരയിലെ ചിന്താധാരകളൊക്കെ തെറ്റാണെന്ന് പറയുന്നുണ്ട്. പക്ഷേ കേരളത്തിനു പുറത്ത് വിചാരധാരയിലെ വാക്കും വരികളും അച്ചട്ടായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാണുന്നത്. സംഘപരിവാരങ്ങളുടെ ക്രൈസ്തവ പീഡനത്തിനെതിരേ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട രാജ്യത്തെ 93 റിട്ട ഉന്നതോദ്യോഗസ്ഥര്‍ എഴുതിയ കത്ത് അങ്ങ് തുറന്നുനോക്കുകപോലും ചെയ്തില്ലല്ലോ. കഴിഞ്ഞ ഫെബ്രുവരിയില്‍ 79 ക്രൈസ്തവസംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ക്രൈസ്തവരുടെ 500 പള്ളികള്‍ ആക്രമിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങള്‍ നിര്‍ത്താന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. ഡോ. പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ 8 സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുകയാണ്. 

മദര്‍ തെരേസയുടെ ഭാരതരത്‌നം തിരിച്ചെടുക്കണമെന്നും കര്‍ണാടകയിലെ ബിജെപി മന്ത്രി മുനിരത്‌ന ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണമെന്നും ആവശ്യപ്പെടുന്നു. ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിനേയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും തീയിട്ടു ചുട്ടുകൊന്നതിലും അധഃസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു കൊന്നതിലും ഒരു ഖേദപ്രകടനം പോലും ഉണ്ടായില്ല. ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായ ഇത്തരം കൂരസംഭവങ്ങളില്‍ പ്രധാനമന്ത്രിക്ക് മനഃസ്തപിക്കാനുള്ള സുവര്‍ണാവസരമാണ് ഈ സന്ദര്‍ശനം. 

റബര്‍വിലയും തൊഴിലും

റബറിന് 300 രൂപ വില കേന്ദ്രം തരുമെന്നാണ് ബിജെപിക്കാര്‍ വീടുവീടാന്തരം പ്രചരിപ്പിക്കുന്നത്. കോട്ടയത്തു നടന്ന റബര്‍ കര്‍ഷക സമ്മേളനത്തില്‍ പങ്കെടുക്കുകപോലും ചെയ്യാതെ കേന്ദ്രമന്ത്രി അവരെ വഞ്ചിച്ചു. അങ്ങേയറ്റം ദയനീയവാസ്ഥയില്‍കൂടി കടന്നുപോകുന്ന റബര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് അങ്ങയുടെ വരവിനെ കാണുന്നത്. യുവാക്കളെ സംഘടിപ്പിച്ചു നടത്തുന്ന യുവം പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുള്ള ഒരു സംസ്ഥാനത്താണ് അങ്ങുനില്ക്കുന്നതെന്ന സ്മരണ കൂടി ഉണ്ടായിരിക്കണം. കേരളത്തില്‍നിന്നുള്ള ലക്ഷക്കണക്കിനു യുവാക്കള്‍ അങ്ങയുടെ ആത്മസുഹൃത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലിരുപ്പു കാരണം സംസ്ഥാനം വിട്ടോടുമ്പോള്‍ യുവാക്കള്‍ക്ക് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ. 9 വർഷം മുൻപ് കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസ് പ്രഖ്യാപിക്കുമെന്ന് ഒരു സ്വപനം ഞങ്ങൾ കാണുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ 9.79 ലക്ഷം തൊഴിലുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. അഗ്നിവീര്‍ പദ്ധതി സേനയില്‍ നടപ്പാക്കിയതുമൂലം അവിടത്തെ സ്ഥിരംനിയമനങ്ങള്‍ ഇല്ലാതായി. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് മൂര്‍ധന്യത്തിലെത്തി നില്ക്കുന്നു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുളുവിലയക്ക് സ്വകാര്യമേഖലയ്ക്ക് കൈമാറിയതോടെ അവിടെയുള്ള തൊഴിലവസരങ്ങളും കൊട്ടിയടച്ചു. 2019ല്‍ മാത്രം ബിഎസ്എന്‍എല്‍ 1.15 ലക്ഷം പേരെ പിരിച്ചുവിട്ടു. യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ തൊഴില്‍പ്രദാനം ചെയ്യുന്നവ ആയിരുന്നെങ്കില്‍ ജോലിയെല്ലാം വിഴുങ്ങുന്ന ബകനെപ്പോലെയാണ് അങ്ങയുടെ നയങ്ങളെന്നു ഖേദത്തോടെ ചൂണ്ടിക്കാട്ടട്ടെ. 

പിണറായിയെ തൊടില്ല

കേന്ദ്രഏജന്‍സികളുടെ കയ്യിലുള്ള സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവ ഒച്ചുവേഗതയില്‍ പോകുന്നത് അങ്ങയുടെ നിര്‍ദേശ പ്രകാരമാണെന്ന് സംസാരമുണ്ട്. കേന്ദ്രഏജന്‍സികള്‍ അടുത്തകാലത്ത് എടുത്ത 95 % കേസുകളും പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയായിരുന്നല്ലോ. അതേസമയം, ബിജെപിയില്‍ ചേര്‍ന്നവര്‍ക്കെല്ലാം കേന്ദ്രഏജന്‍സികളില്‍ നിന്ന് സംരക്ഷണവും ലഭിക്കുന്നു.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, കര്‍ണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍, കോണ്‍ഗ്രസ് എംപി കാര്‍ത്തിക് ചിദംബരം, തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി, ആംആദ്മി മന്ത്രി സത്യേന്ദര്‍ ജയ്ന്‍, ശിവസേനാ മന്ത്രി അനില്‍ പരബ്, എന്‍സിപി മന്ത്രി നവാബ് മാലിക്, എന്‍സിപി മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് തുടങ്ങിയ അനേകം പ്രമുഖ പ്രതിപക്ഷ നേതാക്കളെ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ വേട്ടയാടി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടിയില്‍ കേന്ദ്രഏജന്‍സികള്‍ 1569 കേസുകള്‍ എടുത്തെങ്കിലും വെറും 9ല്‍ മാത്രമാണ് ശിക്ഷ ഉണ്ടായത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയലാഭത്തിന് ദുരുപയോഗിക്കുന്നതു തെളിയിക്കാന്‍ ഈ ഒരൊറ്റ കണക്കു മതി.  

ഫുല്‍വാമായില്‍ 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് വെളിപ്പെടുത്തിയ ഉടനേ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ് നല്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരെ കേന്ദ്രഏജന്‍സികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ലൈഫ് മിഷൻ ,സ്വർണക്കടത്ത് കേസുകളില്‍ മുഖ്യപ്രതിയായി വരേണ്ടയാളെ ഇതുവരെ കേന്ദ്രഏജന്‍സികള്‍ കണ്ടില്ലെന്നു നടിക്കുന്നു. പകരം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് മുഖ്യപ്രതിയായി വരേണ്ട കൊടകര കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പാക്കി. പ്രധാനമന്ത്രിക്ക് ചുവന്നപരവതാനി വിരിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്കുമ്പോള്‍ ഈ ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്ന് പ്രതീക്ഷിക്കുന്നു. 

മതം ചവിട്ടുപടി

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയ രാഷ്ട്രീയമാണല്ലോ ബിജെപി പയറ്റുന്നത്. മതം അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി കരുതുന്നവര്‍ക്ക് എന്തു മതേതരത്വം? അതിന്റെ കേരള മോഡലാണ് ഇപ്പോള്‍ ഇവിടെ നടപ്പാക്കുന്നത് എന്നത് പ്രധാനമന്ത്രിക്ക് നിഷേധിക്കാനാകുമോ? പൊടുന്നനവേ ഉണ്ടായ ക്രിസ്ത്യന്‍ മുസ്ലീം പ്രീണനത്തിനു പിന്നിലുള്ള ചേതോവികാരം ഇതു മാത്രമല്ലേ? 'എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വികസനം' (സബ്‌കേ സാത്ത്, സബ്കാ വികാസ്) എന്ന അങ്ങയുടെ മുദ്രാവാക്യം യഥാര്‍ത്ഥത്തില്‍ 'ചിലരോടൊപ്പം, ചിലരുടെ വികസനം' എന്നാണെന്ന് ഓര്‍മിപ്പിക്കാനും ഈ അവസരം ഉപയോഗിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group