കൽപ്പറ്റ: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതോടെ എല്ലാ കണ്ണുകളും വീണ്ടും വയനാട്ടിലേക്ക് എത്തുകയാണ്. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ വയനാട് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമോ എന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്. രാഹുലിന്‍റെ ഹർജി സെഷൻസ് കോടതി തള്ളിയതോടെ അയോഗ്യത നടപടിക്ക് ബലം കൂടുകയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചിലപ്പോൾ വയനാട്ടിലെയും ഉപതെരഞ്ഞെടുപ്പ് കാര്യങ്ങളെക്കുറിച്ച് ആലോചനകളിലേക്ക് കടക്കും.
രാഹുലിന് അയോഗ്യത വന്നതോടെ നിലവിൽ വയനാടിന് പാർലമെന്‍റ് അംഗം ഇല്ലാത്ത അവസ്ഥയാണ്. കർണാടക തിരഞ്ഞെടുപ്പിനൊപ്പം വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന് നേരത്തെ ഏവരും ഉറ്റുനോക്കിയിരുന്നു. എന്നാൽ തിടുക്കപ്പെട്ടുള്ള നടപടി കമ്മീഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അധികം വൈകാതെ പ്രഖ്യാപിക്കാനിരിക്കുകയാണ്. അതിനിടയിൽ വയനാട്ടിലും ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. രാഹുൽ ഗാന്ധിക്കാകട്ടെ ഇനി അപ്പീലുമായി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാം. എന്നാൽ അതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാത്തിരിക്കുമോ എന്നതാണ് അറിയേണ്ട മറ്റൊരു കാര്യം.
ഇനി വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ആരാകും കോൺഗ്രസ് സ്ഥാനാർഥി എന്നതാണ് അടുത്ത ചോദ്യം. രാഹുലിന് അയോഗ്യത വന്നതുമുതൽ പ്രിയങ്ക ഗാന്ധിയുടെ പേരാണ് ഉച്ചത്തിൽ കേൾക്കുന്നത്. പ്രിയങ്കയുടെ പേരും പരിഗണിക്കുമെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. അയോഗ്യതയ്ക്ക് ശേഷം രാഹുൽ ആദ്യമായി വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ കൂടെ പ്രിയങ്കയും ഉണ്ടായിരുന്നു. ഇതും രാഷ്ട്രീയ വൃത്തങ്ങൾ കൂട്ടിവായിക്കുകയാണ്. ഇനിയെങ്ങാനും തെരഞ്ഞെടുപ്പ് വന്നാൽ പ്രിയങ്കയെ കളത്തിലിറക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണോ കഴിഞ്ഞ ദിവസം രാഹുലിനൊപ്പം എത്തിച്ചതെന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്. നേരത്തെ രാഹുൽ 2019 ൽ മത്സരിച്ചപ്പോൾ പ്രിയങ്ക, പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എന്തായാലും പ്രിയങ്ക ഗാന്ധിയുടെ കന്നി പോരാട്ടം കേരള മണ്ണിലായിരിക്കുമോ എന്നത് കണ്ടറിയണം.
Post a Comment