ദുബൈ: ദുബൈയിലെ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലപ്പുറം കണ്ണമംഗലം ചേരൂര്‍ സ്വദേശി റിജേഷിനെയും ഭാര്യ ജിഷിയെയും വിധി തട്ടിയെടുത്തത് തങ്ങളുടെ സ്വപ്ന ഭവനത്തില്‍ ഒരു ദിവസം പോലും അന്തിയുറങ്ങാന്‍ അനുവദിക്കാതെ. പണിതീരാറായ വീട്ടില്‍ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഇരുവരുടെയും ചേതനയറ്റ ശരീരങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചത്.
പതിനൊന്ന് വര്‍ഷം മുമ്പ് വിവാഹിതരായ റിജേഷിനും ജിഷിക്കും മക്കളില്ല. ഒരു പതിറ്റാണ്ടിലധികം പ്രവാസ ലോകത്ത് ജോലി ചെയ്‍ത് സമ്പാദിച്ചാണ് വീടെന്ന സ്വപ്‍നം അടുത്തിടെ ഏതാണ്ട് പൂര്‍ത്തീകരിച്ചത്. വിഷുവിന് ഗൃഹപ്രവേശനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ ആ സമയം നാട്ടില്‍ പോകാന്‍ കഴിയാതെ വന്നതോടെ തീരുമാനം മാറ്റി. എങ്കിലും വൈകാതെ തന്നെ പണി പൂര്‍ത്തിയാക്കി പുതിയ വീട്ടില്‍ താമസം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ദേരയില്‍ ഡ്രീംലൈന്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു റിജേഷ്. വുഡ്‍ലം പാര്‍ക്ക് സ്‍കൂളില്‍ കഴിഞ്ഞ മാസം ജോലിയില്‍ പ്രവേശിച്ച ജിഷി നേരത്തെ അഞ്ച് വര്‍ഷത്തോളം ദുബൈ ക്രസന്റ് സ്‍കൂളില്‍ അധ്യാപികയായിരുന്നു.
തീപിടുത്തമുണ്ടായ ദിവസം വിഷു ദിനം ആയിരുന്നതിനാല്‍ റിജേഷ് ഓഫീസില്‍ പോയിരുന്നില്ല. ശനിയാഴ്ച സ്‍കൂള്‍ അവധിയായിരുന്നതുകൊണ്ട് ജിഷിയും വീട്ടിലുണ്ടായിരുന്നു. രണ്ട് പേരും ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിച്ചത്. മലയാളികളുടേത് ഉള്‍പ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് ദുബൈയിലെ ദേര. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ സമീപ പ്രദേശങ്ങളില്‍ തന്നെ താമസിക്കുന്നുമുണ്ട്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടുവെങ്കിലും ഇത്ര വലിയ ദുരന്തമായി അത് മാറുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.
കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മരിച്ച റിജേഷ്. ദുബൈയിലെ സാമൂഹിക സേവന രംഗങ്ങളിലും സജീവമായിരുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധി ദുബൈയില്‍ എത്തിയപ്പോള്‍ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കുന്നതിന് ഉള്‍പ്പെടെ റിജേഷ് സജീവമായി രംഗത്തുണ്ടായിരുന്നു.
Post a Comment