Join News @ Iritty Whats App Group

'മുസ്ലീംവീട് സന്ദര്‍ശനം കുറുക്കന്‍ കോഴിയെ കാണാന്‍ വരുന്നതുപോലെ'; ബിജെപിക്കെതിരെ കെ സുധാകരന്‍


തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ക്രിസ്ത്യന്‍-മുസ്ലീം വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കയറിയിറങ്ങുന്നതെന്നാണ് കെ സുധാകരന്‍റെ വിമര്‍ശനം.

ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകളില്‍ കയറുകയും ബിഷപ്പുമാരെ സന്ദര്‍ശിക്കുകയും ചെയ്തതിന് പിന്നാലെ ഇപ്പോള്‍ ഈദുല്‍ ഫിത്തറിന് മുസ്ലീംഭവനങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇക്കാലമത്രയും മുസ്ലീംങ്ങളെ ശത്രുക്കളായി കരുതുകയും അവരോട് എണ്ണിയാലൊടുങ്ങാത്ത പാതകങ്ങള്‍ കാട്ടുകയും ചെയ്തതിനു പിന്നാലെ ഇത്തരം പ്രചാരണ പരിപാടികള്‍ കാണുമ്പോള്‍, പുള്ളിപ്പുലിയുടെ പുള്ളി എത്ര മറച്ചാലും മായില്ലെന്ന സത്യമാണ് ഓര്‍മവരുന്നതെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു.

മുസ്ലീംകള്‍ക്കെതിരെ കടുത്ത വിവേചനത്തോടെ 2019ല്‍ പാസാക്കിയ പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കില്ല എന്നൊരു ഉറപ്പ് പോലും നല്‍കാതെയാണ് ഭവന സന്ദര്‍ശനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്‍ആര്‍സി നടപ്പാക്കല്‍, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഗുജറാത്ത് കലാപം, അയോധയില്‍ രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍ നിയമം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, രാജ്യത്തുണ്ടായ നിരവധി കലാപങ്ങള്‍ തുടങ്ങി മുസ്ലീം സമുദായത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളില്‍ വ്യക്തത വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

കേരളത്തിലെ ക്രിസ്ത്യന്‍, മുസ്ലീം സാമുദായ അംഗങ്ങള്‍ക്കിടയിലേക്ക് സൗഹൃദസന്ദര്‍ശന രൂപേണ ബിജെപി കടന്ന് കയറ്റം നടത്തുന്നതിന് പിന്നിലെ ദുഷ്ടലാക്ക് അധികാരം പിടിച്ചെടുക്കാനാണ്. ബിജെപി കാട്ടുന്ന കപട സ്നേഹത്തിന് പിന്നിലെ ആത്മാര്‍ത്ഥത ഇല്ലായ്മ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ന്യൂനപക്ഷ സഹോദരങ്ങള്‍ക്കുണ്ട്.നാളിതുവരെ രാജ്യത്തെ ന്യൂനപക്ഷ സമുദായ അംഗങ്ങളോട് കാട്ടിയ കൊടും ക്രൂരതകൾക്ക് പരസ്യമായി മാപ്പിരക്കുകയാണ് ബിജെപി നേതൃത്വം ആദ്യം ചെയ്യേണ്ടത്.

രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കി രക്തപ്പുഴ ഒഴുക്കിയപ്പോള്‍, സമാധാനവും സഹവര്‍ത്തിത്വവും കാത്തുസൂക്ഷിച്ച സംസ്ഥാനമാണ് കേരളം. സംഘപരിവാര്‍ ശക്തികളെ അകറ്റിനിര്‍ത്തിയതുകൊണ്ടു മാത്രമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത്. അതില്‍ വിള്ളല്‍വീഴ്ത്താന്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായപ്പോലെ കടന്നുവരുന്ന വര്‍ഗീയശക്തികളെ തിരിച്ചറിയാനും ആട്ടിപ്പായിക്കാനും ജനാധിപത്യ മതേതരത്വ കേരളത്തിനു സാധിക്കുമെന്ന് സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group