Join News @ Iritty Whats App Group

കേരള ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷ, ഇവാന്‍ വുകോമാനോവിച്ചിന് വിലക്ക്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിലും പിഴ കൂടും


ദില്ലി: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗലുരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൌണ്ടി വിട്ട കേരള ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷ. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റേതാണ് തീരുമാനം. നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് പിഴ അടയ്ക്കേണ്ടത്. മോശം പെരുമാറ്റത്തിന് പരസ്യമായി ക്ഷമാപണവും നടത്തണം. ക്ഷമാപണം നടത്താത്ത പക്ഷം പിഴ 6 കോടി രൂപയാകും.

സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ച് വിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന് വിലക്കും പിഴയുമാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടെ ശിക്ഷ. 10 മത്സരങ്ങളിലാണ് കോച്ചിന് വിലക്ക് ഒപ്പം 5 ലക്ഷം പിഴയുമൊടുക്കണം. പരിശീലകനും പരസ്യമായി മാപ്പ് പറയണം. ക്ഷമാപണം നടത്തിയില്ലെങ്കില്‍ പിഴ പത്ത് ലക്ഷം രൂപയാകും. പത്ത് ദിവസത്തിനുള്ളില്‍ പിഴ ഒടുക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

നേരത്തെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാകന്‍ 15 മിനുറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന്‍ വുകോമനോവിച്ച് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് ഇവാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിക്ക് നല്‍കിയ വിശദീകരണം.

ബെംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫ് തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോകുന്നത്. മാര്‍ച്ച് 3ന് ബെംഗലുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു ഛേത്രിയുടെ വിവാദ ഫ്രീകിക്കും പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ താരങ്ങളുമായി കളം വിട്ടതും.

Post a Comment

Previous Post Next Post
Join Our Whats App Group