പിരിച്ചുവിടലുകൾ കൂടിയതോടെ ജോലി തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇവരെ പിൻതുടരുന്ന തട്ടിപ്പുകാരുടെ എണ്ണവും കുറവല്ല. സമൂഹ മാധ്യമങ്ങളിൽ വ്യാജ ജോലി വാഗ്ദാനം ചെയ്യുന്നവരുടെ നിരവധി പോസ്റ്റുകൾ കാണാം. മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലെ ജോലി പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവതിയ്ക്ക് 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ദില്ലി സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. പോസ്റ്റിൽ ക്ലിക്ക് ചെയ്തതോടെ 'എയർലൈൻജോബ്ഓൾഇന്ത്യ' എന്ന ഐഡിയിൽ നിന്ന് ബന്ധപ്പെടുകയും വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ അവർ നല്കിയ ഫോർമാറ്റിൽ തന്നെ വിശദാംശങ്ങൾ പൂരിപ്പിക്കുകയും ചെയ്തു.
അവർ പറഞ്ഞതനുസരിച്ച് വിവരങ്ങൾ നല്കിയ ശേഷം രാഹുൽ എന്നയാളിൽ നിന്നും ഫോൺ വന്നു. തട്ടിപ്പു സംഘം രജിസ്ട്രേഷൻ ഫീസെന്ന വ്യാജേന യുവതിയുടെ പക്കൽ നിന്നും ആദ്യം രജിസ്ട്രേഷൻ ഫീസായി 750 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. അതിനു ശേഷം ഗേറ്റ്പാസ് ഫീസ്, ഇൻഷുറൻസ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപയോളം യുവതിയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ദിവസം ചെല്ലുന്തോറും കൂടുതൽ പണം ആവശ്യപ്പെട്ടുള്ള കോളുകൾ വന്നതോടെയാണ് എന്തോ കുഴപ്പമുണ്ടെന്ന് യുവതിക്ക് തോന്നിയത്. തുടർന്നാണ് വിവരങ്ങൾ പൊലീസിനെ അറിയിച്ചത്.
ദില്ലി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഹിസാറിൽ നിന്നാണ് പ്രതി കൂടുതൽ പണവും തട്ടിയെടുത്തിരിക്കുന്നത്. പ്രതിയുടെ ഫോൺ ട്രസ് ചെയ്ത കണ്ടുപിടിച്ച ലൊക്കേഷനിൽ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പകർച്ചവ്യാധി സമയത്ത് യുവതിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു. അതിനും രണ്ട് വർഷം മുൻപേ തുടങ്ങിയതാണ് ഈ തട്ടിപ്പെന്നും പ്രതി സമ്മതിച്ചു. തട്ടിപ്പ് വർധിച്ചു വരുന്ന കാലത്ത് സമൂഹ മാധ്യമങ്ങൾ വഴി വരുന്ന വ്യാജ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. അംഗീകൃത ജോബ് വെബ്സൈറ്റുകളിലൂടെ ജോലി തേടുക. അനധികൃതമായി പണം ആവശ്യപ്പെടുന്നുവെന്ന തോന്നിയാൽ സൈബർ പോലീസിന്റെ സഹായം തേടണമെന്നും പൊലീസ് പറഞ്ഞു.
Post a Comment