Join News @ Iritty Whats App Group

'ഫ്ലാറ്റിൽ കുടുങ്ങിയിട്ട് 8 ദിവസം, കുടിവെള്ളമില്ല'; സർക്കാർ സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം


ഖാർത്തൂം/ കണ്ണൂര്‍: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാറിന്‍റെ അടിയന്തര സഹായം തേടി വെടിവെപ്പിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യയും മകളും. ഖർത്തൂമിലെ ഫ്ലാറ്റിൽ കുടുങ്ങിയിട്ട് 8 ദിവസമായെന്നും കുടിവെള്ളമടക്കം ലഭ്യമല്ലെന്നും എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

സൈന്യവും അർദ്ധസൈന്യവും അധികാരപോരാട്ടം നടത്തുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിൽ ഫ്ലാറ്റിൽ ഏപ്പിൽ 15നാണ് സൈബല്ലയുടെ ഭർത്താവും കണ്ണൂർ സ്വദേശിയുമായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്ലാറ്റിന്‍റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെന്‍റിൽ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസി സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് ദിവസമായി ഫ്ലാറ്റിന്‍റെ അടിത്തട്ടിൽ കഴിയുകയാണ് സൈബല്ല. നിലവിൽ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.

സൈബല്ലയുടെ ഫ്ലാറ്റിലെ മറ്റ് താമസക്കാരെയെല്ലാം വിവിധ രാജ്യങ്ങൾ മടക്കികൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്ന് തങ്ങളെ രാജ്യത്തേക്ക് മടക്കി കൊണ്ടുപോകുന്ന കാര്യത്തിൽ യൊതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് സൈബല്ല വ്യക്തമാക്കുന്നു. രാജ്യത്തെ പൗരൻമാരെ മടക്കിക്കൊണ്ടുവരാൻ തയ്യാറെടുപ്പുകൾ നടക്കുന്നതായി നേരത്തെ എംബസി അറിയിച്ചിരുന്നു. എന്നാൽ നിലവിൽ എപ്പോൾ ദൗത്യം നടക്കുമെന്നതിൽ വിവരങ്ങളൊന്നുമില്ലാത്തത് നാട്ടിലെ ബന്ധുക്കളെയും ആശങ്കയിലാക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group