Join News @ Iritty Whats App Group

രക്ഷിക്കാനായില്ല; 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി


കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.

പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീർ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങൾ വർഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് നസീർ പൈപ്പുമായി അങ്ങോട്ട് ചെന്ന് അണക്കാൻ ശ്രമിച്ചു. അടിഭാഗത്ത് തീ കത്തിയുണ്ടായ ഗർത്തത്തിലേക്ക് നസീർ പതിച്ചെന്നാണ് കരുതുന്നത്. ആറ് യൂണിറ്റ് ഫയർഫോഴ്സും 2 ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂർ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് നസീറിന്‍റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പശ്ചിമ ബംഗാൾ മുർശിദാബാദ് സ്വദേശിയാണ് നസീർ.

അതേസമയം, പ്ലൈവുഡ് ഫാക്ടറിയിൽ നിയമ വിരുദ്ധമായി മാലിന്യം സൂക്ഷിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പഞ്ചായത്ത് ആരോപിച്ചു. മാലിന്യം നീക്കാൻ രണ്ട് മാസം മുൻപ് നോട്ടീസ് നൽകിയിരുന്നെന്നും മാലിന്യം നീക്കാതെ ഇനി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അശമന്നൂർ പഞ്ചായത്ത് വ്യക്തമാക്കി. അതേസമയം മാലിന്യം കൊണ്ടിടാൻ പഞ്ചായത്ത് സ്ഥലം കണ്ടെത്തി തരണമെന്നാണ് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറി ഉടമകളുടെ അവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group