Join News @ Iritty Whats App Group

ബാരാപ്പോളിൽ വൈദ്യുതി ലൈനിൽ വയർ ഘടിപ്പിച്ചു മീൻ പിടിച്ച മൂന്നുപേർ പിടിയിൽ

ഇരിട്ടി.: ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ വയർ ഘടിപ്പിച്ചു മീൻ പിടിക്കുന്നതിനിടെ മൂന്നംഗ സംഘത്തെ നാട്ടുകാർ പിടികൂടി. വൈദ്യുത വകുപ്പിനും പോലീസിനും കൈമാറിയ സംഘത്തിൽ നിന്ന് കെഎസ്ഇബി 11875 രൂപ പിഴ ഈടാക്കി. വാണിയപ്പാറ സ്വദേശികളായ ബിനോയി, സുബിൻ, അഭിലാഷ് എന്നിവരിൽ നിന്നാണ് കെഎസ്ഇബി അസസ്സിങ് ഓഫിസറായ ഇരിട്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്. അൽക്കാസ് പിഴ ചുമത്തിയത്.
ബാരാപ്പോൾ ജലവൈദ്യുതി പദ്ധതി ഉൾപ്പെടെ പ്രവർത്തിക്കുന്ന ബാരാപോൾ പുഴയിൽ പാലത്തിൻകടവ് ഭാഗത്ത് നിന്നാണ് ഞായറാഴ്ച രാത്രി മീൻപിടിക്കുന്നതിനിടെ നാട്ടുകാർ സംഘത്തെ പിടികൂടുന്നത്. സമീപത്തെ വൈദ്യുതി ലൈനിൽ വയൽ ഘടിപ്പിച്ചു പുഴയിലേക്കു നേരേ ഇട്ട നിലയിൽ ആയിരുന്നെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പാലത്തിൻകടവ് വാർഡ് അംഗം കൂടിയായ ബിജോയി പ്ലാത്തോട്ടം പറഞ്ഞു. നാട്ടുകാർ സംഘത്തെ തടഞ്ഞുവച്ചു പൊലീസിലും കെഎസ്ഇബിയിലും അറിയിച്ചു. വള്ളിത്തോട് സെക്ഷൻ അസിസ്റ്റന്റ്് എൻജിനീയർ ഇ.ജെ. മേരിയുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാരും ഇരിട്ടി പൊലീസും സ്ഥലത്തെത്തി സംഘത്തെ കസ്റ്റഡിയൽ എടുക്കുകയായിരുന്നു. 
വൈദ്യുതി ആഘാധമേറ്റ് 40 കിലോയിലധികം മീൻ ചത്തതായി നാട്ടുകാർ പറഞ്ഞു. വൈദ്യുതി ലൈനിൽ നിന്നു നേരിട്ട് വൈദ്യുതി പ്രവഹിപ്പിച്ചാൽ പുഴയിൽ നിർദിഷ്ട പ്രദേശത്ത് ഉള്ള കുഞ്ഞുമീനുകൾ അടക്കം സകല ജീവജാലങ്ങളും ചാകും. മാത്രമല്ല ഈ സമയത്ത് ആരെങ്കിലും വെള്ളത്തിലിറങ്ങിയാൽ അവരും അപകടത്തിലാകും. ഇന്നലെ പുഴയിൽ നിരവധി മത്സ്യക്കുഞ്ഞുങ്ങളും ചത്തു പൊങ്ങിയിരുന്നു. ബാരാപോൾ പുഴയിൽ കനാലിലേക്ക് വെളളം ഒഴുക്കി വിടുന്ന ട്രഞ്ച് വിയറിന് മുകളിലായാണ് മീൻപിടിത്തം നടന്നത്. കൊടുചൂടിൽ താഴോട്ട് നീരൊഴുക്കു തീരെ കുറഞ്ഞതിനാൽ ഇവിടെ ധാരാളം മീനുകൾ ഉണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി സംഘങ്ങളാണ് മീൻപിടിത്തത്തിന് എത്തുന്നത്. നഞ്ച് പോലുള്ള വിഷം കലക്കിയും പുറമേ നിന്നെത്തുന്ന സംഘങ്ങൾ മീൻപിടിത്തം നടത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നു. പുഴയിൽ ഇത്തരം സംഭവങ്ങൾ വ്യാപകമാവുകയും മത്സ്യക്കുഞ്ഞുങ്ങൾ സ്ഥിരമായി ചത്തു പൊങ്ങുന്നതും സ്ഥിരം കാഴ്ച ആയതോടെ നാട്ടുകാർ പുഴ സംരക്ഷണ സമിതി രൂപീകരിച്ചു പ്രതിരോധം ഒരുക്കിയിട്ടുണ്ട്. 
ഞായറാഴ്ച പയ്യാവൂർ, ഉളിക്കൽ, കീഴ്പ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ എട്ടോളം സംഘങ്ങളെ നാട്ടുകാർ മടക്കിവിട്ടിരുന്നതായും പ്രദേശത്ത് കുടിവെള്ള വിതാനത്തെ അടക്കം ബാധിക്കുന്ന ബാരാപ്പുഴയിൽ അനധികൃത മീൻ ഖനനം അനുവദിക്കില്ലെന്നും പുഴ സംരംക്ഷണ സമിതി അറിയിച്ചു. ഈ കടവിന് സമീപത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങളിലെ കുട്ടികൾക്ക് പുഴയിൽ ഇറങ്ങിയതിനെത്തുടർന്ന് ചൊറിച്ചിലും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതായും ഇവർ പറയുന്നു. വാർഡ് അംഗം നൽകിയ പരാതിയെ തുടർന്ന് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സെക്രട്ടറി ഇ.വി. വേണുഗോപാൽ എന്നിവൽ സ്ഥലം സന്ദർശിച്ചു. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. നഞ്ച് കലക്കിയുള്ള മീൻപിടിത്തത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യത്തിന് അപായം ഉണ്ടാക്കുന്ന വിധം വെള്ളം മലിനമാക്കുന്ന വകുപ്പുകൾ ചേർത്ത് കേസ് എടുക്കുമെന്നും ഇരിട്ടി സിഐ കെ.ജെ. വിനോയ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group