Join News @ Iritty Whats App Group

ആറ് മാസത്തിലധികമായി മടങ്ങിയെത്താത്ത പ്രവാസികളുടെ വിസ റദ്ദാക്കുന്ന നടപടി തുടങ്ങി


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളില്‍ ആറ് മാസത്തിലധികമായി രാജ്യത്തിന് പുറത്തു കഴിഞ്ഞവരുടെ വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അയ്യായിരത്തോളം പ്രവാസികളുടെ വിസ പുതുക്കാനുള്ള അപേക്ഷകള്‍ രാജ്യത്തെ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. താമസരേഖകള്‍ പുതുക്കാനായി ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ച അപേക്ഷകള്‍ സ്വയമേവ റദ്ദാവുന്ന സംവിധാനമാണ് പ്രാബല്യത്തില്‍ വന്നത്.

ആറ് മാസത്തിലധികം തുടര്‍ച്ചയായി രാജ്യത്തിന് പുറത്തുകഴിയുന്ന പ്രവാസികളുടെ താമസ രേഖകള്‍ കുവൈത്തിലെ നിയമപ്രകാരം റദ്ദാവും. എന്നാല്‍ കൊവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തിരുന്നതിലൂടെ യാത്ര പ്രതിസന്ധി നിലനിന്നിരുന്നതിനാല്‍ ഈ വ്യവസ്ഥയ്ക്ക് താത്കാലിക ഇളവ് നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ ഇളവും എടുത്തുകളഞ്ഞു. 

വിവിധ തരത്തിലുള്ള വിസകളില്‍ രാജ്യത്ത് കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് പല ഘട്ടങ്ങളിലായി തിരിച്ചെത്താന്‍ സമയക്രമം നിശ്ചയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 18 വിസകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനവും മറ്റ് വിസകള്‍ക്ക് ഈ വര്‍ഷം ജനുവരി 31ഉം ആയിരുന്നു രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയ്യതി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നേരത്തെ തന്നെ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു. 

ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ അനുവദിച്ചിരുന്ന അവസാന തീയ്യതിയും കഴിഞ്ഞതോടെയാണ് താമസ രേഖകള്‍ റദ്ദാക്കി തുടങ്ങിയത്. ഇത്തരത്തില്‍ ഇഖാമ റദ്ദായവര്‍ക്ക് ഇനി പുതിയ വിസയില്‍ മാത്രമേ കുവൈത്തിലേക്ക് വരാന്‍ സാധിക്കൂ

Post a Comment

Previous Post Next Post
Join Our Whats App Group