Join News @ Iritty Whats App Group

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ കോവിഡ് കേസുകൾ കൂടുതൽ; സജ്ജമാക്കാൻ ആശുപത്രികളോട് നിർദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ കോവിഡ് കേസകൾ കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതലായി രേഖപ്പെടുത്തിയത്. കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കാനും നിരീക്ഷണം ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ദിവസവുമുള്ള കൊവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം.

പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ എം എസ് സി എല്ലിന് നിര്‍ദേശം നല്‍കി.

കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്ബോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group