Join News @ Iritty Whats App Group

മരിച്ച യുവാവിനെ അനുഭാവിയാക്കാൻ മരണവീട്ടിൽ സിപിഎം-ബിജെപി സംഘർഷം; സംസ്കാരം മൂന്ന് സ്റ്റേഷനിലെ പൊലീസ് കാവലിൽ


കണ്ണൂർ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും മത്സരിച്ചപ്പോൾ മരണവീട്ടിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ. പിടിവലിക്കിടെ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളിയും തമ്മിൽ തല്ലുമായി. ഒടുവിൽ മൂന്ന് സ്റ്റേഷനുകളിൽനിന്നെത്തിയ പൊലീസിന്റെ കാവലിൽ സംസ്കാരം നടന്നു. ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് കണ്ണൂർ ഇരിട്ടി കുയിലൂരിൽ.

ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടിൽ എൻ വി പ്രജിത്ത് (40) മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടിൽ പൊതുദർശനത്തിനുവെച്ചു. സഹോദരൻ അന്തിമോപചാരം അർപ്പിച്ച് മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

മുൻപ് ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാൽ പ്രജിത്തിന്റെ കുടുംബം സിപിഎം അനുഭാവികളാണ്. മൃതദേഹം വീട്ടിൽനിന്നെടുക്കുമ്പോൾ ശാന്തിമന്ത്രം ചൊല്ലാൻ പ്രജിത്തിന്റെ സുഹൃത്തുക്കളും പാർട്ടിപ്രവർത്തകരും കൈയിൽ പൂക്കൾ കരുതിയിരുന്നു. ഇവർ ശാന്തിമന്ത്രം ചൊല്ലുന്നതിനിടെ സിപിഎം അനുകൂലവിഭാഗം മൃതദേഹം സംസ്കരിക്കാനെടുത്തതോടെ പിടിവലിയായി. പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു. പിന്നാലെ പോർവിളിയുമായി മറുവിഭാഗവുമെത്തി.

ചിതയിൽ കിടത്തിയ മൃതദേഹത്തിനുചുറ്റും സംസ്കരിക്കാനെത്തിച്ച വിറകുമായി പോർവിളിയും ഉന്തും തള്ളുമായി. ഇതിനിടയിൽ ചിലർക്ക് മർദനമേറ്റു. സ്ഥലത്തെത്തിയ ഇരിക്കൂർ എസ് ഐ ദിനേശൻ കൊതേരി മൃതദേഹത്തിനടുത്തുനിന്ന് എല്ലാവരെയും മാറ്റി ഐവർമഠം അധികൃതരെയും ബന്ധുക്കളെയും മാത്രം നിർത്തി. ഇതിനിടയിൽ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ റിപ്പോർട്ടിനെത്തുടർന്ന് ഇരിട്ടി സി ഐ കെ ജെ ബിനോയിയുടെ നേതൃത്വത്തിൽ ഇരിട്ടി, ഉളിക്കൽ, കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനുകളിൽനിന്നായി മുപ്പതിലധികം പൊലീസുകാരും സ്ഥലത്തെത്തി.

കൂടുതൽ പൊലീസെത്തിയതോടെ അവിടെ തടിച്ചുകൂടിയ പലരും ഉൾവലിഞ്ഞു. രാത്രി 10ഓടെ മൃതദേഹം കത്തിത്തീർന്ന ശേഷമാണ് പൊലീസ് പിൻവാങ്ങിയത്. സംഭവത്തിൽ ആർക്കെതിരേയും കേസെടുത്തിട്ടില്ല. സംഘർഷസാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച വൈകിട്ട് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ ഇരുവിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group