അഭപ്രാളിയില്‍ ചിരിയുടെ വേലിയേറ്റം തീര്‍ന്ന മലയാളത്തിന്‍റെ പ്രിയനടനും മുന്‍ ലോകസഭാ അംഗവുമായിരുന്ന ഇന്നസെന്‍റന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ട് പോയത്. സിനിമാ, രാഷ്ട്രീയ സാംസ്കാരിക ലോകത്തെ ഇന്നസെന്‍റിന്‍റെ പ്രിയപ്പെട്ടവരെല്ലാം സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
ഇന്നലെ മുതല്‍ അണമുറിയാത്ത പ്രവാഹം ആയിരുന്നു ഇന്നസെൻ്റിൻ്റെ വസതിയായ പാർപ്പിടത്തിലേക്ക്. രാവിലെ 9.30 ഓടെ അന്ത്യ ശുശ്രൂഷ ചടങ്ങുകൾ തുടങ്ങി.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാരൻ അന്ത്യ കർമങ്ങൾക്ക് നേതൃത്വം നൽകി..10 മണിയോടെ മൃതദേഹം വിലാപ യാത്രയായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലേക്ക്.
പള്ളിയിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം ഭൗതിക ശരീരം സെമിത്തെരിയിലെത്തിച്ചു. പ്രാർത്ഥനകൾക്ക് ശേഷം പോലീസിൻ്റെ ഗാർഡ് ഓഫ് ഓണർ. ഒടുവില്‍ ബന്ധുക്കൾ അന്ത്യ ചുംബനം നൽകി ഇന്നസെന്റിന് യാത്രമൊഴിയേകി. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ആർ ബിന്ദു, വി എൻ വാസവൻ,സിനിമ താരങ്ങളായ ദിലീപ്, ഭാര്യ കാവ്യ മാധവൻ, ടോവിനോ തോമസ്,ഇടവേള ബാബു സംവിധായകൻ സത്യൻ അന്തിക്കാട് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.ഇന്നസെൻ്റിൻ്റെ നിറച്ചിരി ഇനി നിത്യതയിൽ അനശ്വരമായി നിറയും.
Post a Comment