സാമൂഹിക മാധ്യമങ്ങളില്‍ നിന്നും കുട്ടികളെ അകറ്റിനിര്‍ത്തേണ്ടതുണ്ടെന്നും അവര്‍ക്ക് കൂറേ കൂടി സാമൂഹികമായ ഉത്തരവാദിത്വത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കി കൊടുക്കേണ്ടതുണ്ടെന്നുമുള്ള ചിന്ത പലയിടങ്ങളിലെങ്കിലും ഉയര്‍ന്നു തുടങ്ങി. ഇത്തരത്തിലൊരു ആവശ്യം ആദ്യമായി ഉന്നയിച്ചിരിക്കുകയാണ് യുഎസ്എയിലെ യൂട്ട എന്ന സംസ്ഥാനം.
സാമൂഹിക മാധ്യങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ 18 വയസ് തികഞ്ഞവരാണെന്ന് ഉറപ്പുവരുത്തണമെന്നും കൂടാതെ ഇതിനായി അച്ഛനമ്മമാരുടെ സമ്മതം തേടണമെന്നും ആവശ്യപ്പെട്ട ആദ്യത്തെ യുഎസ് സംസ്ഥാനമാണ് യൂട്ട. യുവാക്കളുടെ സംരക്ഷണത്തിനായുളള ശക്തവും സുപ്രധാനവുമായ രണ്ട് ബില്ലുകളില്‍ ഒപ്പുവച്ചെന്ന് യൂട്ടാ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ബില്ലിനെ അടിസ്ഥാനമാക്കി, സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും ,സന്ദേശങ്ങളുമുള്‍പ്പടെ കൂട്ടികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് അച്ഛനമ്മമാര്‍ക്ക് പൂര്‍ണമായും പ്രവേശനം അനുവദിക്കുന്നു.
സാമൂഹിക മാധ്യമങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് യൂട്ടാ സംസ്ഥാനം പുതിയ ബില്ലിന് നീക്കം നടത്തിയത്. ഈ ബില്ല് പ്രകാരം കുട്ടികള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സാമൂഹിക മാധ്യമ ആപ്പുകളില്‍ അക്കൗണ്ടുകള്‍ തുറക്കണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതം വേണം. അച്ഛനമ്മമാര്‍ സഹകരിക്കുന്നില്ലെങ്കില്‍ അര്‍ദ്ധരാത്രി 12.30 നും രാവിലെ 6.30 നും ഇടയിലുള്ള സമയത്ത് കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും ബില്ല് ആവശ്യപ്പെടുന്നു.
2024 മാര്‍ച്ച് ഒന്ന് മുതല്‍ സാമൂഹിക മാധ്യമ കമ്പനികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ക്കായി കൊണ്ടുവന്ന രണ്ട് ബില്ലുകളും പ്രാബല്യത്തില്‍ വരും. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ് സാമൂഹിക മാധ്യമങ്ങള്‍ നമ്മുടെ യുവാക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നെന്നും ഇനി ഇത് അനുവദിക്കില്ലെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. നേതാക്കളെന്ന നിലയിലും രക്ഷിതാക്കളെന്ന നിലയിലും നമ്മുടെ യുവാക്കളെ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ അഭിഭാഷക ഗ്രൂപ്പായ കോമണ്‍സ് സെന്‍സ് മീഡിയ യൂട്ടായിലെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വലിയ വിജയം എന്ന് കുറിച്ചുകൊണ്ടായിരുന്നു ബില്ലിനെ സ്വാഗതം ചെയ്തത്.
Post a Comment