Join News @ Iritty Whats App Group

'പാകിസ്ഥാനിലേക്ക് പോകൂവെന്ന് പറയുന്നത് സഹോദരങ്ങളോടാണെന്ന് ഓർക്കണം'; വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രീംകോടതി


ദില്ലി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയിൽ ഭരണകൂടങ്ങൾ നിർജീവമെന്ന് സുപ്രീംകോടതി വിമർശനം. പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നത് സഹോദരങ്ങളോടാണെന്ന് ഓർക്കണമെന്ന് കോടതി പറഞ്ഞു. വാദത്തിനിടെ പിഎഫ്ഐ റാലിയിൽ വിദ്യാർത്ഥി മുദ്രവാക്യം വിളിച്ച സംഭവം സോളിസിറ്റർ ജനറൽ കോടതിയിൽ പരാമർശിച്ചു.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കവേയാണ് അതിരൂക്ഷമായ വിമർശനം സുപ്രീംകോടതി ഉയർത്തിയത്. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ചിലർ ടെലിവിഷനിലും പൊതുവേദികളിലും പ്രസംഗങ്ങൾ നടത്തുകയാണ്. എന്തുകൊണ്ടാണ് രാജ്യത്തെ ജനങ്ങൾ വിദ്വേഷപ്രസംഗം നടത്തില്ലെന്ന് പ്രതിജ്ഞ എടുക്കാത്തതെന്ന് വാദത്തിനിടെ ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു. പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് ചിലർ പ്രസംഗിക്കുന്നു. ഈ രാജ്യത്തെ തെരഞ്ഞെടുത്ത സഹോദരങ്ങളോടാണ് ഇങ്ങനെ പറയുന്നതെന്ന് ഓർക്കണമെന്ന് കോടതി പറഞ്ഞു.

മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ പ്രസംഗങ്ങൾ കേൾക്കാൻ വിദൂരപ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒത്തൂകൂടിയിരുന്നു. അവർ നല്ല പ്രഭാഷകരായിരുന്നു, എന്നാൽ ഇപ്പോൾ തീവ്രസ്വഭാവക്കാർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് കേള്‍ക്കുന്നതെന്നും കോടതി വിമർശിച്ചു. അതേസമയം വാദത്തിനിടെ ആലപ്പുഴയിലെ പിഎഫ്ഐ ജാഥയിൽ വിദ്വാർത്ഥിയെ കൊണ്ട് വിദ്വേഷമുദ്രവാക്യം വിളിപ്പിച്ച സംഭവത്തിൽ കേരളത്തിന് നോട്ടീസ് അയ്ക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. സംഭവത്തിൽ കേരളം സ്വീകരിച്ച നടപടികൾ വിശദീകരിക്കട്ടെന്ന് തുഷാർ മേത്ത പറഞ്ഞു. എന്നാൽ ഈക്കാര്യത്തിൽ തീരുമാനം നിലപാട് വ്യക്തമാക്കാതെ കോടതി ഹർജികൾ അടുത്ത മാസം 28ലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group