തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കല മഹോത്സവത്തിന് ഒരുങ്ങി തിരുവനന്തപുരം നഗരം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന പൊങ്കാല അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിനു പേരാണ് നഗരത്തിലെത്തിയിട്ടുള്ളത്. പുലര്‍ച്ചെ മുതല്‍ തന്നെ പൊങ്കാലക്കുള്ള തയ്യാറെടുപ്പിലാണ് ഭക്തര്‍.
രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി പി. കേശവന്‍ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളില്‍ പകര്‍ന്ന ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പില്‍ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തര്‍ തയാറാക്കിയ നിവേദ്യങ്ങളിലും തീര്‍ഥം പകരും.
കനത്ത ചൂട് കണക്കിലെടുത്ത് നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തില്‍ കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലില്‍ തീപിടിത്ത സാധ്യത മുന്നില്‍ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്‌നിരക്ഷാ സേന ഒരുക്കുന്നത്. 300 സേനാ അംഗങ്ങളെയാണ് വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുന്നത്. ആറ്റുകാല്‍ ദേവീക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവര്‍ത്തനം. വനിതകള്‍ ഉള്‍പ്പെടെ 130 സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍ ഉള്‍പ്പെടെ അണിനിരന്നിട്ടുണ്ട്.
Post a Comment