Join News @ Iritty Whats App Group

ഇനി ചൂടേറും : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ 16-ാം സീസണിന്‌ വെള്ളിയാഴ്‌ച തുടക്കം


അഹമ്മദാബാദ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ 16-ാം സീസണിന്‌ വെള്ളിയാഴ്‌ച തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 7.30 മുതല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗുജറാത്ത്‌ ടൈറ്റന്‍സ്‌ നാലു വട്ടം ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.
ഉദ്‌ഘാടന ചടങ്ങുകളില്‍ രശ്‌മിക മന്ദാന, തമന്ന ഭാട്ടിയ, കത്രീന കൈഫ്‌, ടൈഗര്‍ ഷിറോഫ്‌, അര്‍ജീത്‌ സിങ്‌ തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കും. ഹാര്‍ദിക്‌ പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്‌ ടൈറ്റന്‍സിന്‌ കന്നി സീസണില്‍ തന്നെ കിരീടം നേടാനായി. ചെന്നൈ സൂപ്പര്‍ കിങ്‌സ് പത്ത്‌ ടീമുകളില്‍ ഒന്‍പതാമതായാണു ഫിനിഷ്‌ ചെയ്‌തു. കഴിഞ്ഞ സീസണിലെ രണ്ട്‌ മത്സരങ്ങളിലും ഗുജറാത്ത്‌ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ മൂന്ന്‌ വിക്കറ്റിനും രണ്ടാമത്തെ മത്സരത്തില്‍ ഏഴ്‌ വിക്കറ്റിനുമാണു ഗുജറാത്ത്‌ ജയിച്ചത്‌. ഇന്ത്യന്‍ ടീമിന്റെ മുന്‍ കോച്ചും ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ്‌ ബാറ്ററുമായിരുന്ന ഗാരി കിര്‍സ്‌റ്റനാണു ഗുജറാത്തിനെ പരിശീലിപ്പിക്കുന്നത്‌.
ന്യൂസിലന്‍ഡിന്റെ മുന്‍ നായകന്‍ സ്‌റ്റീഫന്‍ ഫ്‌ളെമിങാണ്‌ സൂപ്പര്‍ കിങ്‌സിന്റെ കോച്ച്‌. കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിതമായ നായക മാറ്റം സി.എസ്‌.കെയുടെ താളം തെറ്റിച്ചു. എം.എസ്‌. ധോണി നായകസ്‌ഥാനം ഒഴിയുകയും രവീന്ദ്ര ജഡേജയെ ചുമതലയേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ജഡേജ തികഞ്ഞ പരാജയമായി. അദ്ദേഹത്തിന്റെ വ്യക്‌തിഗത പ്രകടനത്തെയും അതു ബാധിച്ചു. തീരുമാനങ്ങളില്‍ ഭൂരിഭാഗവും ധോണിയുടെ വകയായിരുന്നതില്‍ ജഡേജ നോക്കുകുത്തിയായി. ടീമിനു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ ധോണി വീണ്ടും നായകസ്‌ഥാനത്തേക്കു വന്നു. അപ്പോഴേയ്‌ക്കും മടങ്ങിവരവ്‌ ദുഷ്‌കരമായി. ഈ സീസണില്‍ മികച്ച തയാറെടുപ്പോടെയാണ്‌ സി.എസ്‌.കെയുടെ വരവ്‌. ചില വമ്പന്‍മാരെ ടീമിലെത്തിച്ചു. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ്‌ അവരില്‍ ഒരാള്‍. സ്‌പെഷലിസ്‌റ്റ് ബാറ്ററായാണു സ്‌റ്റോക്‌സ് കളിക്കുകയെന്നാണു സൂചന. ഇടതു കാല്‍മുട്ടിന്റെ പരുക്ക്‌ ഭേദമായെങ്കിലും താരത്തെ എറിയിപ്പിക്കില്ലെന്നാണു ബാറ്റിങ്‌ കോച്ച്‌ മൈക്ക്‌ ഹസി നല്‍കുന്ന സൂചന. താര ലേലത്തില്‍ 16.25 കോടി രൂപയ്‌ക്കാണു സൂപ്പര്‍ കിങ്‌സ് സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത്‌. കഴിഞ്ഞയാഴ്‌ച ഇന്ത്യയിലെത്തിയ സ്‌റ്റോക്‌സ് ചെന്നൈയില്‍ ടീമിനൊപ്പം പരിശീലനവും തുടങ്ങി. സീസണ്‍ പകുതിയാകുമ്പോഴേയ്‌ക്കും ഇംഗ്ലണ്ട്‌ താരത്തിനു പന്തെറിയാനാകുമെന്ന പ്രതീക്ഷയിലാണു സൂപ്പര്‍ കിങ്‌സ് കോച്ച്‌ സ്‌റ്റീഫന്‍ ഫ്‌ളെമിങ്‌. ഇംഗ്ലണ്ട്‌ ടീം കോച്ച്‌ ബ്രണ്ടന്‍ മക്കല്ലവും അതേ അഭിപ്രായക്കാരനാണ്‌. സ്‌റ്റോക്‌സിന്റെ ഐ.പി.എല്ലിലെ മൂന്നാമത്തെ ഫ്രാഞ്ചൈസിയാണ്‌ സൂപ്പര്‍ കിങ്‌സ്‌. 2017 ല്‍ റൈസിങ്‌ പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു അരങ്ങേറ്റം. അടുത്ത സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സിലേക്കു ചേക്കേറി. കഴിഞ്ഞ സീസണില്‍ കളിക്കാനായില്ല. ഓപ്പണിങില്‍ ന്യൂസിലന്‍ഡിന്റെ ഡെവണ്‍ കോണ്‍വേയും ഋതുരാജ്‌ ഗെയ്‌ക്വാദുമുള്ളതിനാല്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്‌ഥാനങ്ങളിലൊന്നായിരിക്കും സ്‌റ്റോക്‌സ് ബാറ്റ്‌ ചെയ്യുക. മൂന്നാമനായി മോയിന്‍ അലി കളിച്ചേക്കും. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ്‌ മില്ലര്‍ ഏപ്രില്‍ മൂന്നിന്‌ ടീമിനൊപ്പം ചേരുന്നതോടെ ഗുജറാത്ത്‌ ടൈറ്റാന്‍സിന്റെ ശക്‌തി കൂടും. ഹോളണ്ടിനെതിരേ നടക്കുന്ന ഏകദിന പരമ്പരയ്‌ക്കു ശേഷമാണു മില്ലര്‍ ഇന്ത്യയിലേക്കെത്തുക. ആദ്യ മത്സരത്തില്‍ കളിക്കില്ല. ഏപ്രില്‍ നാലിനു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ വെടിക്കെട്ട്‌ കാണാം.
അയര്‍ലന്‍ഡിന്റെ പേസര്‍ ജോഷ്‌ ലിറ്റില്‍ പരുക്കിന്റെ പിടിയിലാണെങ്കിലും ടൈറ്റാന്‍സിനൊപ്പമുണ്ട്‌. കെയ്‌ന്‍ വില്യംസണ്‍, ഒഡിയന്‍ സ്‌മിത്ത്‌, ലിറ്റില്‍ എന്നിവരാണു ടൈറ്റാന്‍സിന്റെ വിദേശ താരങ്ങള്‍. റഹ്‌മത്തുള്ള ഗൂര്‍ബാസ്‌, ഡൊമിനിക്‌ ഡ്രേക്‌സ്, ലൂകി ഫെര്‍ഗുസണ്‍ എന്നിവര്‍ക്കു പകരമാണ്‌ അവരുടെ വരവ്‌. വിക്കറ്റ്‌ കീപ്പര്‍ ശ്രീകര്‍ ഭരത്‌, പേസര്‍ ശിവം മാവി എന്നിവരും ഇത്തവണ ഗുജറാത്ത്‌ ടീമിന്റെ ഭാഗമാണ്‌. മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്‌മന്‍ ഗില്‍, റാഷിദ്‌ ഖാന്‍ എന്നിവരും ഗുജറാത്തിന്റെ കരുത്താണ്‌.

Post a Comment

Previous Post Next Post
Join Our Whats App Group