Join News @ Iritty Whats App Group

'ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ സ്വീകാര്യതയില്ല; വേർപിരിഞ്ഞ ശേഷം ഒറ്റയ്ക്ക് ജീവിക്കാന്‍ സ്ത്രീകള്‍ ബുദ്ധിമുട്ടും': ഹൈക്കോടതി

അലഹബാദ്: ലിവ്-ഇന്‍-റിലേഷന്‍ഷിപ്പുകള്‍ക്ക് (live-in relationships) ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് സ്വീകാര്യത ലഭിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി (Allahabad High Court). വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ വ്യക്തി സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സിദ്ധാര്‍ത്ഥയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

“ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ നിന്ന് ബ്രേക്കപ്പ് ആയ ശേഷം ഒറ്റയ്ക്ക് ജീവിക്കാന്‍ സ്ത്രീകള്‍ ബുദ്ധിമുട്ടും. ഇന്ത്യന്‍ സമൂഹത്തില്‍ ഈ റിലേഷന്‍ഷിപ്പുകള്‍ക്ക് സ്വീകാര്യതയില്ല. സ്ത്രീയ്ക്ക് മുന്നില്‍ ആകെയുള്ള വഴി തന്റെ ലിവിംഗ് ഇന്‍ പങ്കാളിയ്‌ക്കെതിരെ കേസ് നല്‍കുക എന്നത് മാത്രമാണ്. ഈ കേസ് പോലെ,” കോടതി പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് കുറ്റാരോപിതനായ വ്യക്തി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. യുവാവിനെതിരെ ഐപിസി 376, 406 പ്രകാരമാണ് യുവതി പരാതി നല്‍കിയത്.

കഴിഞ്ഞ ഒന്നരവര്‍ഷവമായി യുവാവുമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു യുവതി. ഇക്കാലഘട്ടത്തില്‍ യുവതി ഗര്‍ഭിണിയാകുകയും ചെയ്തു. എന്നാല്‍ യുവതിയെ വിവാഹം കഴിക്കാന്‍ യുവാവ് തയ്യാറായില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതി നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ യുവാവ് തന്റെ ചില അശ്ശീല ചിത്രങ്ങള്‍ തന്റെ മുന്‍ഭര്‍ത്താവിന് അയച്ച് കൊടുത്തിരുന്നു. അതോടെ ഭര്‍ത്താവ് തന്നെ വിട്ടുപോയെന്നും യുവതി പരാതിയില്‍ പറയുന്നു.

അതേസമയം പൂര്‍ണ്ണസമ്മതത്തോടെയാണ് യുവതി തന്റെ കക്ഷിയോടൊപ്പം ലിവ് ഇന്‍ റിലേഷന് തയ്യാറായത് എന്നാണ് യുവാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇത്തരം ബന്ധങ്ങളുടെ പരിണിത ഫലം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് യുവതി ഈ ബന്ധത്തിന് സമ്മതിച്ചത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

അടിസ്ഥാനരഹിതമായ പരാതിയാണ് തന്റെ കക്ഷിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് എന്നും അതിനാല്‍ യുവാവിന് ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, ജാമ്യം അനുവദിക്കാനാകില്ലെന്ന് അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വക്കേറ്റ് കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് യുവാവിനെതിരെയുള്ള ആരോപണങ്ങള്‍ കോടതി വിശദമായി പരിശോധിച്ചു. എന്നാല്‍ പോലീസിന്റെ ഏകപക്ഷീയ അന്വേഷണം, കുറ്റാരോപിതന്റെ ഭാഗം ശരിയായി അന്വേഷിച്ചില്ല, വിചാരണ വേഗത്തിലാക്കാനുള്ള യുവാവിന്റെ മൗലിക അവകാശം, തുടങ്ങിയ കാരണങ്ങള്‍ പരിഗണിച്ച് യുവാവിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group