Join News @ Iritty Whats App Group

'പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ്


തിരുവനന്തപുരം: സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്ക് പോര്. പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. പഴയ വിജയനായിരുന്നെങ്കിൽ പ്രതിപക്ഷനേതാവിന് നേരത്തെ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പ്രതിപക്ഷനേതാവിന്‍റെ പരമാർശം. പ്രതിപക്ഷ സമരങ്ങൾക്ക് എതിരായ പോലീസ് നടപടിയെക്കുറിച്ച് ഷാഫി പറമ്പിൽ എം എൽ എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ നടന്ന ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ വന്നത്.

ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും സംസ്ഥാനത്ത് നികുതി പിരുവിൽ കെടുകാര്യസ്ഥതയാണെന്നും അധികഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. സാധാരണ ക്കാരുടെ തലയിൽ നികുതി ഭാരം കെട്ടി വയ്ക്കുന്നതിനെയാണ് പ്രതിപക്ഷം എതിർത്തത്. മുഖ്യമന്ത്രി വീട്ടിൽ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞതാണെന്നും വി ഡി സതീശൻ പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരായി നടന്ന സമരത്തിന് കേരള സർക്കാർ കേസെടുത്തു. ഒന്നോ രണ്ടോ പ്രവർത്തകർ പ്രതിഷേധിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് നൂറ് കണക്കിന് യൂത്ത് കോൺഗ്രസുകാരെ കരുതൽ തടങ്കലിൽ ആകുന്നത്. ഉറങ്ങികിടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ എന്തിനാണ് കരുതൽ തടങ്കലിൽ വച്ചത്. ഒരു കരിങ്കൊടി കാണിക്കാൻ വരുന്നവരെ പേടിച്ച് എന്തിനാണ്100 കണക്കിന് പൊലീസുകാർക്കിടയിൽ പോയി ഒളിച്ചതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

വീട്ടിൽ കിടന്ന് ഉറങ്ങുന്നവരെ കരുതൽ തടങ്കലിൽ ആക്കുന്നുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. നിയമ വിരുദ്ധമായി കരുതൽ തടങ്കലിലെടുക്കാൻ അധികാരമില്ല. ഭരണഘടന വിരുദ്ധമാണ് ഇത്. മിവ ജോളിയെ കോളറിൽ പിടിച്ചെടുക്കുന്നു. പെൺകുട്ടിക്ക് എതിരെ അതിക്രമം കാണിച്ചാൽ അത് ഞങ്ങൾക്ക് നിസാരമല്ല. സഭയിൽ ഭരണ- പ്രതിപക്ഷ ബഹളം. കറുത്ത വസ്ത്രം ധരിച്ച എത്ര പേർ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. മുഖ്യമന്ത്രി പേടിക്കണ്ട. മുഖ്യമന്ത്രിക്കെതിരെ ഒരു അതിക്രമവും യു ഡി എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group