തിരുവനന്തപുരം : ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.
ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018-ൽ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്.
വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി ഫ്ലാറ്റിൽ തിരികെയെത്തിച്ച ഭൗതികശരീരത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി അടക്കം പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നും പൊതുദർശനം തുടരും.
പ്രിയ ഗായികയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ചെന്നെയിലെ കലാ, സാംസ്കാരിക, സിനിമാ, സംഗീത ലോകം. വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളടക്കം അന്ത്യാഞ്ജലി അർപ്പിക്കാൻ ഹാഡോസ് റോഡിലെ ഫ്ലാറ്റ് പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Post a Comment