Join News @ Iritty Whats App Group

ഷുഹൈബ് വധം: ഒന്നാം പ്രതിയുടേത് കേരളം തരിച്ചിരുന്ന വെളിപ്പെടുത്തൽ; 'സിപിഎം കണക്ക് പറയേണ്ടിവരും': കെ സുധാകരന്‍


തിരുവനന്തപുരം: ഷുഹൈബിന്റെ ചോരയ്ക്ക് സി പി എമ്മിനെ കൊണ്ട് കോണ്‍ഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സി പി എമ്മിന്റെ അറിവും സമ്മതത്തോടെയുമാണ് മട്ടന്നൂരില്‍ ഷുഹൈബിനെ ക്രൂരമായി കൊല്ലപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നാളിതുവരെ പറഞ്ഞിരുന്ന യാഥാര്‍ത്ഥ്യം വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി തന്നെ വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചിരുന്നുപോയെന്നും സുധാകരന്‍ പറഞ്ഞു.


സുധാകരന്‍റെ വാക്കുകൾ

ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി പി എമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായി. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സി പി എം. അക്രമത്തിന്റെ ഉപാസകരായ അവരില്‍ നിന്നും കരുണയുടെ കണികപോലും കേരളം പ്രതീക്ഷിക്കരുത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത സി പി എം നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരി. രക്തവെറിപൂണ്ട സി പി എം നേതാക്കളെ തൃപ്തിപ്പെടുത്തുന്ന ആശ്രിതനായ ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിന്റെ കിരാത കൊലപാതകത്തില്‍ സി പി എം നേതൃത്വത്തിന്റെ പങ്ക് ലോകത്തോട് വിളിച്ച് പറഞ്ഞതും സി പി എമ്മിലെ ഊതിവീര്‍പ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്ന ഭീഷണി മുഴക്കിയതും. ഗുണ്ടകളുടെയും വാടകക്കൊലയാളികളുടെയും മുന്നില്‍ എന്നും ഓച്ഛാനിച്ചു നില്‍ക്കാറുള്ള സിപിഎം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആകാശിന്റെ ഭീഷണിക്ക് മുന്നില്‍ വിറങ്ങലിച്ചുപോയ സി പി എം നേതൃത്വം ഉടനടി ഇടപെട്ട് ഫേസ്ബുക്ക് കുറിപ്പു തന്നെ നീക്കം ചെയ്തു. അതുകൊണ്ട് ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴംപുരാണം വിളമ്പരുത്.

നീതിക്കുവേണ്ടി ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ യാചിക്കുമ്പോഴും കണ്ണില്‍ചോരയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്കാന്‍ വേണ്ടിയാണ് നമ്മുടെ നികുതിപ്പണമെടുത്ത് കൊലയാളികളെ സംരക്ഷിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതുവരെ 1.36 കോടി രൂപ ചെലവഴിച്ചാണ് സുപ്രീംകോടതിയിലെ മുന്‍നിര അഭിഭാഷകരെ നിയോഗിച്ചത്. സുപ്രീംകോടതയില്‍ കേസ് തുടരുന്നതിനാല്‍ ഈ തുക ഇനിയും കുതിച്ചുയരും.

പെരിയ ഇരട്ടക്കൊല കേസിലും പ്രതികളെ രക്ഷിക്കാന്‍ സി പി എമ്മും സര്‍ക്കാരും കോടികളാണ് പൊടിച്ചത്. കൂറുമാറ്റക്കാരെയും ഒറ്റുകാരെയും ഒപ്പം നിര്‍ത്തി പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങള്‍ സി പി എം നടത്തിയതിന് തെളിവാണ് സി കെ ശ്രീധരന്റെ സി പി എം പ്രവേശം. ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഘാതകാരായ സി പി എം പ്രതികളെ രക്ഷിക്കാനായി ഒരു കോടിരൂപയോളം ഫീസിനത്തില്‍ അദ്ദേഹം കൈപ്പറ്റിയെന്നാണ് അറിയാന്‍ കഴിയുന്നത്. അഴിമതിയും വെട്ടിപ്പും നടത്തി സി പി എം അവിഹിതമായി സമ്പാദിച്ച പണമാണ് മക്കളെ നഷ്ടപ്പെട്ട മതാപിതാക്കളുടെ കണ്ണീരിന് വിലപറയാന്‍ പൊടിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group