Join News @ Iritty Whats App Group

അദാനിയെ വളര്‍ത്തിയത് മോഡി ; ഗുജറാത്തിലെയും കേന്ദ്രത്തിലെയും ഭരണം കൊണ്ട് അദാനി 609 ല്‍ നിന്നും രണ്ടാം റാങ്കിലേക്ക് എത്തി


ന്യൂഡൽഹി: അദാനി വിഷയം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും ബിജെപിയ്ക്കും എതിരേ രൂക്ഷ ആരോപണങ്ങളുമായി രാഹുല്‍ഗാന്ധി. അദാനിയ്ക്ക് വലിയ വളര്‍ച്ച സാധ്യമായത് മോഡിയുടെ ഗുജറാത്തിലെയും കേന്ദ്രത്തിലെയും ഭരണകാലത്താണെന്നും ഈ സമയത്ത് അദാനിയുടെ സമ്പത്ത് രണ്ടുമടങ്ങായി വര്‍ദ്ധിച്ചതായും രാഹുല്‍ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു.

2014-2022 കാലത്ത് അദാനിയുടെ ആസ്‌തി 800 കോടി ഡോളറിൽ നിന്ന് 14,000 കോടി ഡോളറായി കൂടി. പ്രധാനമന്ത്രി മോഡിയുമായി അദാനിയ്ക്ക് എന്താണ് ബന്ധമെന്നും ചോദിച്ചു. ​ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദാനി വിശ്വസ്തനായതെന്നും 2014ൽ പ്രധാനമന്ത്രിയായ ശേഷമാണ് അദാനി ബിസിനസ് റാങ്കിംഗിൽ 609ൽ നിന്ന് രണ്ടിലേക്കെത്തി​യതെന്നും പറഞ്ഞു.

ഭാരത് ജോഡോ യാത്രയിലുടനീളം അദാനിയുടെ പേരാണ് കേട്ടതെന്ന് രാഹുൽ പറഞ്ഞു. കാശ്‌മീരിലെ ആപ്പിള്‍ മുതല്‍ രാജ്യത്തെ തുറമുഖങ്ങളിലും റോഡുകളിലുമെല്ലാം അദാനിയുടെ പേരുണ്ട്. ആരോപണത്തിനൊപ്പം മോഡി അദാനിക്കൊപ്പം നില്‍ക്കുന്ന ​ഫോട്ടോയും സഭയിൽ പ്രദർശിപ്പിച്ചു. ഇതേ തുടര്‍ന്ന് ബിജെപി രാഹുലിന് എതിരേ രംഗത്ത് വന്നു. പ്രധാനമന്ത്രി സഭയിൽ ഇല്ലായിരുന്നു.

മുൻ പരിചയമില്ലാത്തവർ വിമാനത്താവള വികസനത്തിൽ പങ്കാളികളാകരുതെന്ന നിയമം അദാനിക്കു വേണ്ടി തിരുത്തി ആറ് വിമാനത്താവളങ്ങൾ നൽകി. മുംബയ് വിമാനത്താവളം കൈകാര്യം ചെയ്‌തിരുന്ന ജി.വി.കെ ഗ്രൂപ്പിനെ അദാനിക്കു വേണ്ടി സി.ബി.ഐയെയും ഇഡിയെയും ഉപയോഗിച്ച് പുറത്താക്കി. സ്‌നൈപ്പർ അടക്കം ചെറിയ തോക്കുകൾ നിർമ്മിക്കുന്നത് അദാനിയാണ്. അദാനിയ്ക്ക് മോഡി ഇസ്രായേലില്‍ പോയി കരാറുണ്ടാക്കി.

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശങ്ങൾ രാജ്യത്തിനല്ല അദാനിയ്ക്കാണ് പ്രയോജനപ്പെട്ടതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്ക് 100 കോടി ഡോളർ എസ്.ബി.ഐ വായ്പ നൽകിയത് മോഡി ഓസ്ട്രേലിയയില്‍ പോയതിന് പിന്നാലെയാണ്. മോഡിയുടെ സന്ദർശനം കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡ് അദാനിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു. കാറ്റിൽ നിന്നുള്ള വൈദ്യുതി പദ്ധതി കരാർ അദാനിക്ക് നൽകാൻ മോഡി സമ്മർദ്ദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയത് ശ്രീലങ്കൻ വൈദ്യുതി ബോർഡ് ചെയർമാൻ ആണ്.

മുമ്പ് അദാനിയുടെ വിമാനത്തിൽ മോഡിയായിരുന്നു യാത്ര ചെയ്തിരുന്നത്. ഇപ്പോൾ അദാനി മോഡിജിയുടെ വിമാനത്തിൽ യാത്ര ചെയ്യുന്നു. 20 വർഷത്തിനിടെ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയും എത്ര പണം അദാനി ബി.ജെ.പിക്ക് നൽകിയെന്ന് വെളിപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാഹുലിനെതിരേ ബിജെപി അംഗങ്ങളും രംഗത്ത് വന്നു. വിമാനത്താവളങ്ങൾ സ്വകാര്യവത്‌ക്കരിച്ചതും ബിസിനസ് പരിചയമില്ലാത്ത ജി.വി.കെ പോലുള്ള കമ്പനികൾക്ക് കരാർ നൽകിയതും കോൺഗ്രസ് സർക്കാരാണെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്. രാജസ്ഥാനിൽ 65,000 കോടി രൂപ വാഗ്ദാനം ചെയ്തതും അശോക് ഗെഹ്‌ലോട്ട്-അദാനി ബന്ധത്തെകുറിച്ചും രാഹുൽ സംസാരിക്കണമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group