Join News @ Iritty Whats App Group

കർണാടകയിലെ സംസ്ഥാന സർക്കാർ സാഹിത്യോത്സവത്തിൽ നിന്ന് മുസ്ലിം, ദളിത് എഴുത്തുകാരെ ഒഴിവാക്കിയെന്ന് ആരോപണം


ബെഗംളുരു: കർണാടകയിലെ ഹാവേരിയിൽ വർഷാവർഷം സംസ്ഥാന സർക്കാർ നടത്തുന്ന സാഹിത്യോത്സവത്തിൽ നിന്ന് ഇത്തവണ മുസ്ലിം, ദളിത് എഴുത്തുകാരെ ഒഴിവാക്കിയെന്ന് ആരോപണം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബെംഗളുരുവിൽ ഇടത് നിലപാടുള്ള എഴുത്തുകാർ ബദൽ സാഹിത്യസമ്മേളനം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കേ, സാഹിത്യോത്സവത്തിന്‍റെ പേരിൽ കർണാടകത്തിൽ വിവാദം കനക്കുകയാണ്.

ഇതൊരു പ്രതിരോധമാണ്. എല്ലാത്തരം മനുഷ്യരും എന്‍റെ നാടിന്‍റെ സ്വന്തമാണെന്ന് ക‍ന്നഡയിൽ ഒരു ചൊല്ലുണ്ട്. ദളിതരെയും മുസ്ലിങ്ങളെയും സ്ത്രീകളെയും വിവേചനത്തോടെ കാണുന്ന സർക്കാരാണിത്. ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് ബദല്‍ സാഹിത്യ സമ്മേളനത്തിലെത്തിയ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റായ അക്കൈ പദ്മശാലി ആരോപിക്കുന്നത്.

വിട്ടുകൊടുക്കില്ല, വിവേചനമനുവദിക്കില്ല എന്ന് ഉറക്കെപ്പറഞ്ഞ് ബെംഗളുരുവിലെ ബദല്‍ സാഹിത്യ സമ്മേളനത്തിലെത്തിയ എല്ലാവർക്കും നന്ദിയെന്നും. ഇത് ബദലല്ല, ഇത് പ്രതിരോധമാണെന്ന് നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് പറയുന്നു. കർണാടക സാഹിത്യപരിഷത്ത് സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയാണ് കന്നഡ സാഹിത്യസമ്മേളന. ഐഎഫ്എഫ്കെ പോലെ പ്രശസ്തമായ, ജനകീയമായ പരിപാടി. ഇത്തവണ നടക്കുന്ന എൺപത്തിയാറാമത് സാഹിത്യ സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ടവരുടെ പട്ടിക വന്നപ്പോൾ ഇതിൽ മുസ്ലിം, ദളിത് വിഭാഗത്തിൽ നിന്ന് ഒരു പേരു പോലുമുണ്ടായിരുന്നില്ല. 

പ്രശസ്ത കന്നഡ സാഹിത്യകാരൻ പുരുഷോത്തമ ബിലിമാലെ ഉൾപ്പടെയുള്ളവർ ക്ഷണമുണ്ടായിട്ടും പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചത് ഇതുകൊണ്ടാണ്. സർക്കാർ പരിപാടിക്ക് ബദലായി ബെംഗളുരുവിൽ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരെയും ഉൾപ്പെടുത്തി മറ്റൊരു സാഹിത്യസമ്മേളനം നടന്നു. നടൻ പ്രകാശ് രാജ് ഉൾപ്പടെയുള്ളവർ പരിപാടിക്ക് പിന്തുണയുമായി എത്തി. 1915 മുതൽ കർണാടകത്തിന്‍റെ സാംസ്കാരികരംഗത്തെ നിറസാന്നിധ്യമായ സാഹിത്യപരിഷത്ത് ഇന്ന് സർക്കാരിന്‍റെ കയ്യിലെ ചട്ടുകമായി മാറിയെന്ന് ഒരു വിഭാഗം എഴുത്തുകാർ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, ഭിന്നിപ്പിന്‍റെ രാഷ്ട്രീയം കളിക്കുകയാണ് സർക്കാരെന്നാണ് ആരോപണമുയരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group