Join News @ Iritty Whats App Group

'മൊട്ട വിളി കേട്ടു മടുത്തു; പെൻഷൻ വേണം :' കഷണ്ടിക്കാരുടെ സംഘം സർക്കാരിനോട്

ഹൈദരാബാദ്: കഷണ്ടിയുള്ള തങ്ങൾക്ക് പ്രതിമാസം 6,000 രൂപ പെൻഷൻ നൽകണമെന്ന ആവശ്യവുമായി തെലങ്കാനയിലെ ഒരു കൂട്ടം പുരുഷന്മാർ. തലയിലെ മുടി നഷ്ടപ്പെട്ട് കഷണ്ടിയായതിനെ തുടർന്ന് വലിയ നാണക്കേടാണ് തങ്ങൾ അനുഭവിക്കുന്നതെന്നും ചിലരുടെ പരിഹാസം സഹിച്ച് മാനസിക വേദനയോടെയാണ് ജീവിക്കുന്നതെന്നും സിദ്ധിപേട്ടിലെ തങ്കല്ലപ്പള്ളി ഗ്രാമത്തിലെ ഒരു കൂട്ടം കഷണ്ടിക്കാരായ പുരുഷന്മാർ പറയുന്നു. ദിവസേന നേരിടേണ്ടി വരുന്ന ഈ പീഡനങ്ങൾക്ക് പരിഹാരമായി 6,000 രൂപ പെൻഷൻ ലഭിക്കുന്നത് സഹായകമാകുമെന്നും കഷണ്ടിയുള്ള എല്ലാ പുരുഷന്മാർക്കും ഒരു സംക്രാന്തി സമ്മാനമായി സർക്കാർ പെൻഷൻ പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ജനുവരി 5 ന് ഗ്രാമത്തിൽ കഷണ്ടിക്കാരുടെ ഒരു സംഘം അനൗപചാരിക യോഗം ചേർന്നിരുന്നു. സംക്രാന്തിക്ക് ശേഷം 30ലധികം ആളുകളെ ഉൾപ്പെടുത്തി മറ്റൊരു യോഗം ചേരുമെന്നും അവർ പറഞ്ഞു.

“ആളുകൾ തങ്ങളുടെ കഷണ്ടിയെക്കുറിച്ച് നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഞങ്ങളെ വേദനിപ്പിക്കാറുണ്ട്. തലയിൽ മുടി കുറവായതിനാലാണ് അവർ കളിയാക്കി ചിരിക്കുന്നത്. ഈ മനോഭാവം മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നു. കഷണ്ടിയാകുമോയെന്ന് ആശങ്കപ്പെടുന്നവരെ ഈ കളിയാക്കലുകൾ ഏറെ വേദനിപ്പിക്കുമെന്നും” അസോസിയേഷൻ അംഗങ്ങളിലൊരാളായ പി ആൻജി പറഞ്ഞു. “കഷണ്ടി സംബന്ധിച്ച് ആളുകൾ തമാശയായി പറയുന്ന കാര്യങ്ങൾ പോലും തങ്ങളെ വേദനിപ്പിക്കാറുണ്ടെന്ന്” ബിരുദധാരിയും രണ്ട് കുട്ടികളുടെ പിതാവുമായ അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘത്തിലെ അംഗങ്ങളിൽ ഒരാൾക്ക് 22 വയസ്സ് മാത്രമേ പ്രായമുള്ളൂ. എന്നാൽ അദ്ദേഹത്തിന്റെ തലയിലെ മുടി പൂർണമായും നഷ്ടപ്പെട്ടു. 20-കളുടെ തുടക്കത്തിൽ തന്റെ മുടി കൊഴിഞ്ഞതായി 41 കാരനായ ആൻജി പറയുന്നു.

പെൻഷൻ എന്തിന് വേണ്ടി?
സർക്കാരിനോട് ആവശ്യപ്പെട്ട ഈ പെൻഷൻ എന്തിന് വേണ്ടി ഉപയോഗിക്കും എന്ന ചോദ്യത്തിനും ഇവരുടെ പക്കൽ മറുപടിയുണ്ട്. “മുടി വളരാൻ ആവശ്യമായ ചികിത്സകൾ നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നതായും. പെൻഷൻ ഒരു ചികിത്സാ സഹായമായി കണക്കാക്കണമെന്നും” അദ്ദേഹം പറഞ്ഞു.

കഷണ്ടിക്കാർക്കായി ഒരു ഔപചാരിക കൂട്ടായ്മ ഇല്ലെങ്കിലും, 50 വയസ്സ് പ്രായമുള്ള വെൽഡി ബാലയ്യയാണ് പുതുതായി രൂപീകരിച്ച ഈ അനൗപചാരിക ഗ്രൂപ്പിന്റെ പ്രസിഡന്റ്. സംഘത്തിൽ മറ്റ് ഭാരവാഹികളും ഉണ്ട്. വയോധികർക്കും വിധവകൾക്കും ശാരീരിക വൈകല്യമുള്ളവർക്കും സർക്കാർ പെൻഷൻ അനുവദിക്കുന്നതിനാൽ പെൻഷനു വേണ്ടിയുള്ള തങ്ങളുടെ അപേക്ഷ ഗൗരവമായി പരിഗണിക്കണമെന്നും ഇവർ പറയുന്നു.

“ഇങ്ങനെ ഒരു അഭ്യർത്ഥന നടത്തിയതിൽ അവരെ പരിഹസിക്കേണ്ടതില്ലെന്നും സർക്കാർ അവരെ മനസ്സിലാക്കുകയും അവരുടെ അഭ്യർത്ഥന അനുഭാവപൂർവം പരിഗണിക്കുകയും ചെയ്യണമെന്ന്” പ്രദേശവാസികളിൽ ഒരാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഏകദേശം മുപ്പത് വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിൽ വരെ കഷണ്ടി ഏറെ വ്യാപകമാണ് ഈ കാലത്ത്. ചെറു പ്രായത്തിൽ തന്നെ മുടി കൊഴിയുന്നത് കാരണം വിഷമിക്കുന്ന ആളുകൾ ഇത് മറികടിക്കാ൯ ഒരുപാട് പൊടിക്കൈകൾ സ്വയം ചെയ്യാറുമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group