Join News @ Iritty Whats App Group

മയൊണൈസില്‍ ഇനി പച്ച മുട്ട പാടില്ല, പകരം വെജിറ്റബിള്‍ മയൊണൈസ്


തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറെന്‍റുകളിലും ഉള്‍പ്പെടെ ഒരിടത്തും ഇനി പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് തയാറാക്കില്ലെന്ന് തീരുമാനം. വെജിറ്റബിള്‍ മയൊണൈസ് അല്ലെങ്കില്‍, പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യൂ. ഹോട്ടൽ, റെസ്റ്റോറെന്‍റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കേറ്ററിങ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കൂടുതല്‍ നേരം മയൊണൈസ് വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാല്‍ ഈ നിര്‍ദ്ദേശത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷണം പാഴ്സലായി കൊടുക്കുമ്പോൾ മുകളില്‍ അത് നൽകുന്ന സമയവും എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാൻ പാടില്ല. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷനോ ലൈസൻസോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം. ശുചിത്വം ഉറപ്പാക്കി നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. 

ഭക്ഷ്യ സുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികൾ സഹകരണം ഉറപ്പ് നൽകി. സംഘടനകൾ സ്വന്തം നിലയിൽ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകൾ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group