Join News @ Iritty Whats App Group

'സുപ്രീംകോടതി വിധി അക്കാദമിക് എക്സർസൈസ് മാത്രം,നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല'കെ എന്‍ ബാലഗോപാല്‍


തിരുവനന്തപുരം: നോട്ട് നിരോധനം ശരിവെച്ച സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്ത്.സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങൾ മാത്രമാണ്.മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല.വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്.നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.വിധി ഒരു അക്കാദമിക് എക്സർസൈസ് മാത്രമാണ്.നോട്ട് നിരോധനം നടപ്പാക്കിയത് സംബന്ധിച്ച നടപടി ക്രമങ്ങളിൽ കോടതിക്കും ഭിന്ന അഭിപ്രായം ഉണ്ട് എന്നാണ് മനസ്സിലാകുന്നത്.സാമ്പത്തികമായി നോട്ട് നിരോധനം രാജ്യത്തെ തകർത്തു .ഇനി അത്തരം നടപടികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നോട്ട് നിരോധനം ശരിവച്ച സുപ്രീംകോടതി വിധിയോടെ കേന്ദ്രത്തിന് ആശ്വാസമായി. സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വാദത്തെ ശരിവയ്ക്കുന്നതായി ഭൂരിപക്ഷ വിധി. നടപടിയിലെ നിയമവിരുദ്ധത ഭിന്നവിധിയില്‍ ചൂണ്ടിക്കാട്ടപ്പെട്ടത് പ്രതിപക്ഷവും ,ഹര്‍ജിക്കാരും ഉന്നയിച്ച വിമര്‍ശനങ്ങളെ അംഗീകരിക്കുന്നതാണ്. 

2016 നവംബര്‍ എട്ടിന് രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരിപ്പിച്ച നോട്ട് നിരോധന പ്രഖ്യാപനം. ഒരു രാത്രിയോടെ വെറും കടലാസ് കഷ്ണങ്ങളായി മാറിയ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍.പഴയ നോട്ടുകല്‍ മാറിയെടുക്കാന്‍ നല്‍കിയത് അന്‍പത്തി രണ്ട് ദിവസത്തെ സാവകാശം.ജനം നേരിട്ടത് സമാനകളില്ലാത്ത പ്രതിസന്ധി കള്ളപ്പണം തടയല്‍, തീവ്രവാദ ഫണ്ടിംഗിനെ ചെറുക്കല്‍ തുടങ്ങിയ ന്യായീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തി. പിന്നീട് വന്ന തെരഞ്ഞെടുപ്പുകളില്‍ നടപടി തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയര്‍ന്നെങ്കിലും മോദിക്ക് തുടര്‍ഭരണം കിട്ടി.ഏതാണ്ട് സമാന അനുഭവമാണ് നടപടിയെ ഇന്ന് സൂുപ്രീകോടതി ശരിവയ്ക്കുമ്പോള്‍ കേന്ദ്രത്തിനുള്ളത്.

അക്കാദമിക് താല്‍പര്യത്തിനപ്പുറം വിഷയത്തില്‍ കോടതിക്ക് യാതൊരു ഇടപെടലും നടത്താനാവില്ലെന്നാണ് കേന്ദ്രം വാദിച്ചത്. ഉടച്ച് കലക്കിയ മുട്ട പഴയ രൂപത്തിലാക്കാന്‍ കഴിയുമോയെന്ന ചോദ്യം പോലും ഒരു വേള കേന്ദ്രം ഉന്നയിച്ചു. സാമ്പത്തിക രംഗത്തെ ശക്തമാക്കിയ നടപടി,ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു തുടങ്ങിയ വാദങ്ങളും കേന്ദ്രം കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ കള്ളപ്പണ വിനിമയം തടയാനായെന്ന കേന്ദ്രത്തിന്‍റെ അവകാശ വാദത്തെ കണക്കുകള്‍ നിരത്തിയാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ നേരിട്ടത്.

2016ല്‍ പിടികൂടിയത് 15.82 കോടിയുടെ കള്ളപ്പണമാണെങ്കില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.39 കോടിയുടെ കള്ളപ്പണം പിടികൂടിയെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. നിരോധിച്ചതില്‍ 99.3 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്കും സര്‍ക്കാരിന്‍റെ നിലപാട് ചോദ്യം ചെയ്യുന്നതായി. പാര്‍ലെമന്‍റിനെ പാടേ അകറ്റി നിര്‍ത്തി എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കിയെന്ന ജസ്റ്റിസ് ബി വി നാഗരത്നയുടെ വിധിയിലെ നിരീക്ഷണം പ്രതിപക്ഷ നിലപാടിനെ ശരിവയ്കുന്നതായി. മുന്‍പ് 1946ലും, 78ലും പാര്‍ലമെന്‍റ് മുഖേനയാണ് നിയമനിര്‍മ്മാണം നടന്നതെന്ന കാര്യം ഹര്‍ജിക്കാരും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരോധനത്തിനുള്ള ആര്‍ബിഐശുപാര്‍ശ സര്‍ക്കാര്‍ നേടിയെടുത്ത നടപടിയും ഭിന്നവിധിയില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ കേന്ദ്രത്തിന്‍റെ സുതാര്യതയില്ലായ്മയും ചര്‍ച്ചകള്‍ക്കിടയാക്കിയേക്കും,

Post a Comment

Previous Post Next Post
Join Our Whats App Group