Join News @ Iritty Whats App Group

'പകപോക്കൽ, പിന്നോട്ടില്ലെന്നും' ഫിറോസ്; അറസ്റ്റിൽ പ്രതിഷേധം, ഹുങ്ക് കാട്ടി ഭയപ്പെടുത്താൻ നോക്കണ്ടെന്നും സതീശൻ


തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം ഉയർത്തി കോൺഗ്രസ് - മുസ്ലീം ലീഗ് നേതാക്കളും യൂത്ത് ലീഗ് പ്രവ‍ർത്തകരും രംഗത്ത്. സർക്കാർ ജനാധിപത്യത്തെ കയ്യാമം വയ്ക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടത്. ഫിറോസിന്‍റെ അറസ്റ്റ് സർക്കാരിന്‍റെ പ്രതികാര നടപടിയാണെന്നും അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ടെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ഏറ്റവും അധികം അക്രമ സമരങ്ങളും അനാവശ്യ സമരങ്ങളും നടത്തിയിട്ടുള്ളത് സി പി എമ്മും പോഷക സംഘടനകളുമാണെന്നും അങ്ങനെയുള്ളവർക്ക് ഇപ്പോൾ സമരമെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ജനാധിപത്യത്തെയാണ് സർക്കാർ കയ്യാമം വയ്ക്കുന്നതെന്നും തെറ്റായ നയങ്ങൾക്കെതിരെ ഇനിയും പ്രതിഷേധിക്കുമെന്നും ജനകീയ സമരങ്ങളുടെ മുൻ നിരയിൽ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകുമെന്നും അറസ്റ്റിലൂടെ ഭയപ്പെടുത്താൻ നോക്കണ്ടെന്നും സതീശൻ പറഞ്ഞു.

അതേസമയം അറസ്റ്റ് കൊണ്ട് പിന്നോട്ടില്ലെന്നും സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലാണ് ഇതെന്നുമാണ് പി കെ ഫിറോസ് പ്രതികരിച്ചത്. സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകൂട ഭീകരതാണ് സർക്കാർ കാണിക്കുന്നതെന്നും സംസ്ഥാന നേതാവായ ഫിറോസിനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും ചോദിച്ചാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ഒരു കാരണവുമില്ലാതെയാണ് അറസ്റ്റെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഇത്തരം നടപടികൾ കൊണ്ട് സമരങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം ഫിറോസിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.

അതേസമയം കേസിൽ പി കെ ഫിറോസിനെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാളയത്ത് വച്ച് കൻറോൺമെൻറ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊതു - സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നിലവിൽ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവർത്തകർ റിമാൻ‍‍ഡിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group