Join News @ Iritty Whats App Group

ഒരാഴ്ചയ്ക്കിടെ ഒരു കുട്ടി ഉൾപ്പടെ മൂന്നുപേരെ കൊന്ന പുലിയെ മൈസൂരുവിൽ പിടികൂടി

മൈസൂരു ടി നരസിപുര താലൂക്കിൽ കുട്ടി ഉൾപ്പടെ 3 പേരെ ഒരാഴ്ചക്കുള്ളിൽ കൊന്ന പുലി പിടിയിലായി. കർണാടക വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഇന്നലെ രാത്രി കുടുങ്ങിയത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.

അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് കെണിയിൽ കുടുങ്ങിയത്. ഒരാഴ്ചയ്ക്കിടെ മൂന്നുപേരെ കൊന്ന പുലി തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയിരുന്നു. ആൺകുട്ടിയെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.

നേരത്തെയും നിരവധി തവണ ഈ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു.

ഇതേത്തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ വനംവകുപ്പ് ഊർജിതമാക്കിയത്. കെണി സ്ഥാപിച്ച് ഒരു ദിവസത്തിനകം തന്നെ പുലി കുടങ്ങിയതിന്‍റെ ആശ്വാസത്തിലാണ് കർണാടക വനംവകുപ്പ്.

Post a Comment

Previous Post Next Post
Join Our Whats App Group