Join News @ Iritty Whats App Group

അയ്യൻകുന്ന് അട്ടിയോലിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം വനം വകുപ്പ് അധികൃതർ പരിശോധന നടത്തി


ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയായ അട്ടയോലിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ താമസക്കാരനും ടാപ്പിംഗ് തൊഴിലാളിയുമായ പാലാട്ടിൽ ബൈജു പോളിന്റെ കൃഷിയിടത്തിലാണ് പുലിയെ കണ്ടത്. മൂന്ന് ദിവസത്തിനിടയിൽ രണ്ടാം തവണയാണ് ബൈജു പുലിയെ കാണുന്നത്. ചൊവ്വാഴ്ച പുലർച്ചെ ടാപ്പിംഗിനിടെ തന്റെ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതോടെ ബൈജു ടാപ്പിംഗ് നിർത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 
 ഒരു വർഷം മുൻപ് ഇതേ പ്രദേശത്ത് പുലിയിറങ്ങി ആടുകളെ പിടിച്ചിരുന്നു. കേരള വനാതിർത്തിയോട് യോട് ചേർന്നുള്ള പ്രദേശമാണിത്. കാട്ടാന, കാട്ടുപന്നി, കുരങ്ങു് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം മേഖലയിൽ രൂക്ഷമാണ്. ഇതിനിടയിൽ പുലിയുടെ സാന്നിധ്യം കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.  
നിരവധി കുടുംബങ്ങൾ വർഷങ്ങൾക്ക് മുൻപ് കുടിയേറി താമസിച്ച പ്രദേശത്ത് ഇപ്പോൾ വിരലിൽ എണ്ണാവുന്ന വീടുകൾ മാത്രമാണ് ശേഷിക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ പലരും കൃഷിയിടവും വീടും ഉപേക്ഷിച്ച് താഴ്വാരങ്ങളിലേക്ക് താമസം മാറ്റുകയായിരുന്നു. അവശേഷിക്കുന്ന കുടുംബങ്ങളാണ് ഇപ്പോൾ വന്യമൃഗ ഭീഷണിയിൽ കഴിയുന്നത്. കുടുംബങ്ങൾ വീടൊഴിഞ്ഞുപോയ മേഖലയിലെ ഏക്കർ കണക്കിന് കൃഷിഭൂമി കാടിനു സമാനനമായി മാറിയിരിക്കയാണ്. വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ വന്യമൃഗങ്ങൾ കൂട്ടമായി ഇവിടങ്ങളിലേക്ക് ഇറങ്ങുകയാണ്.  
ഒരു വർഷം മുൻപ് വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിച്ചിരുന്നു. ഇതിനുശേഷം കാട്ടാന ശല്യത്തിന് അല്പം പരിഹാരമായിട്ടുണ്ടെന്ന് സ്ഥലവാസികൾ പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം മേഖലയിലെ ടാപ്പിംഗ് തൊഴിലിനെയും ബാധിച്ചിരിക്കുകയാണ്. തുരുത്തിപ്പള്ളി ഗോപാലൻ, വള്ളിക്കവ്വത്തിൽ ചിന്നമ്മ എന്നിവരുടെ ആടുകളെയാണ് നേരത്തെ പുലി പിടിച്ചത്. ബൈജുവിനൊപ്പം കൃഷിയിടത്തിലെത്തിയ നായയുടെ കരച്ചിൽ കേട്ടാണ് ബൈജു പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ബൈജുവും പുലിയും തമ്മിൽ 20 മീറ്ററോളം അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റബ്ബർ തോട്ടത്തിൽ നിന്നും ടോർച്ച് തെളിച്ചതോടെ പുലി പതിയെ കാട്ടിനുള്ളിലേക്ക് മാറുകയായിരുന്നു. ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ എ. കെ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിജിൽ, വാച്ചർ അജിൽ എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group