Join News @ Iritty Whats App Group

ഇനി കേരളത്തിനു വേണ്ടി കേന്ദ്രത്തിൽ സമ്മർദമേറും; ഡൽഹിയിൽ കാബിനറ്റ് പദവിയിൽ രണ്ടു പ്രമുഖർ

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ വി തോമസ് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാകും. ക്യാബിനറ്റ് റാങ്കോടെ കെവി തോമസിനെ നിയമിക്കാൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഭരണ- ഉദ്യോഗസ്ഥ തലങ്ങളിൽ വിപുലമായ ബന്ധമുള്ള കെ വി തോമസിന്റെ സാന്നിധ്യം കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് സർക്കാരിൻറെ പ്രതീക്ഷ.

കോൺഗ്രസുമായി അകന്ന കെവി തോമസിന് സർക്കാരിലോ സിപിഎമ്മിലോ പ്രധാന പദവി ലഭിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. കെവി തോമസിന്റെ ബന്ധങ്ങളും പരിചയസമ്പത്തും ഭരണരംഗത്ത് പ്രയോജനപ്പെടുത്താനാണ് തീരുമാനം. കേന്ദ്രമന്ത്രി, എംപി എന്നീ നിലകളിൽ ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച തോമസിന് നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്ത ബന്ധമാണുള്ളത്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തായിരുന്നു ഡൽഹിയിലെ പ്രത്യേക പ്രതിനിധി.

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ പ്രതിനിധിയാണ് തോമസ് 2021 സെപ്റ്റംബർ 15ന് നെതർലൻഡ്സ് മുൻ അംബാസഡർ വേണു രാജാമണിയെ ഡൽഹിയിൽ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സെപ്ഷൽ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. 2022 സെപ്റ്റംബർ 17ന് സേവന കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകുകയും ചെയ്തു. ആദ്യമായാണ് സംസ്ഥാന സർക്കാരിന്റെ രണ്ട് പ്രതിനിധികൾ കാബിനറ്റ് പദവിയിൽ എത്തുന്നത്.

സിൽവർ ലൈൻ അടക്കമുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്ക് ജീവൻ വയ്ക്കാനും കേന്ദ്ര സർക്കാരുമായുള്ള ബന്ധം മെച്ചപ്പെടേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നു. കെ വി തോമസിന്റെ സാന്നിധ്യം ഇതിനു സഹായിക്കുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post
Join Our Whats App Group