Join News @ Iritty Whats App Group

ആശ്രിത നിയമനം നിയന്ത്രിക്കൽ; എതിർപ്പുമായി സർവീസ് സംഘടനകൾ, നിലവിലെ രീതി തുടരണമെന്ന് ഇടതുസംഘടനകള്‍



തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കലിൽ എതിർപ്പുമായി മുഴുവൻ സർവീസ് സംഘടനകളും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ എന്‍ജിഐ യൂണിയൻ ഒഴികെ ഉള്ള എല്ലാ സംഘടനകളും എതിർപ്പ് ഉന്നയിക്കുകയായിരുന്നു. നിലവിലെ ആശ്രിത നിയമന രീതി തുടരണം എന്ന് ഇടത് അനുകൂല സംഘടനകൾ ഉൾപ്പടെ ആവശ്യപ്പെട്ടു. നിർദേശങ്ങൾ രേഖമൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. ഉപാധികളോടെ നാലാം ശനി അവധി ദിനം ആക്കുന്നതിലും എതിർപ്പ് ഉയര്‍ന്നു. ഉപാധി രഹിത അവധി എന്നത് മാറ്റി എന്നാണ് വിമർശനം. ഓരോ ദിവസവും 15 മിനുട്ട് അധികം ജോലി ചെയ്യണം വർഷത്തിൽ 5 ക്യാഷ്വൽ ലീവ് കുറക്കും എന്നീ ഉപാധികൾ അംഗീകരിക്കില്ലെന്നായിരുന്നു സർവീസ് സംഘടനകളുടെ നിലപാട്.

ജീവനക്കാരൻ മരിച്ചാൽ ഒരു വര്‍ഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവർക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തുന്നതാണ് പരിഗണനയിലുള്ളത്. അതാത് വകുപ്പുകളിൽ ഒഴിവ് വരുന്ന തസ്തികകളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവു എന്നാണ് ഹൈക്കോടതി ഉത്തരവ്. വിധിക്കെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ തള്ളുകയും ഇത് മറികടക്കാൻ പോംവഴിയില്ലെന്ന് നിയമവകുപ്പ് നിലപാട് എടുക്കുകയും ചെയ്തതോടെയാണ് ബദൽ നിര്‍ദ്ദേശങ്ങൾ ചര്‍ച്ചക്ക് വയ്ക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണ ശേഷം ഒരു വര്‍ഷത്തിനകം നിയമനം കിട്ടാൻ അർഹതയുള്ളവര്‍ക്ക് നിയമനം, മറ്റ് അപേക്ഷകര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനം എന്നിങ്ങനെയാണ് ബദൽ നിർദ്ദേശങ്ങൾ. 

ആശ്രിത നിയമനം അഞ്ച് ശതമാനമായി പരിമിതപ്പെടുത്തുമ്പോൾ നിയമനത്തിന് നിലവിലെ കാലതാമസം ഇനിയും കൂടാനും പല അപേക്ഷകര്‍ക്കും ജോലി തന്നെ നഷ്ടപ്പെടാനും ഉള്ള സാധ്യത കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആശ്രിത നിയമനത്തിന്റെ മറവിൽ അനധികൃത നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളുമെല്ലാം നടക്കുന്നുണ്ടെന്ന പരാതികളും വ്യാപകമാണ്. അഞ്ച് ശതമാനമെന്നത് പലപ്പോഴും അതിലധികമാകുന്നെന്ന ആക്ഷേപവും ഉണ്ട്. നാലാം ശനിയാഴ്ച ജീവനക്കാർക്ക് അവധി ദിവസമാക്കാനും ആലോചനയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group