Join News @ Iritty Whats App Group

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ലക്ഷം കടക്കും; അലവന്‍സും പെന്‍ഷനും കൂട്ടാന്‍ ശുപാര്‍ശ

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവന്‍സും പെന്‍ഷനും കൂട്ടാന്‍ ശുപാര്‍ശ. 35 ശതമാനത്തോളം വര്‍ധനവാണ് വിഷയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് (റിട്ട) സിഎന്‍ രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്പീക്കര്‍ എ.എന്‍ ഷംസീറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറി.

നിലവില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് ശമ്പളവും അലവന്‍സുകളും ചേര്‍ന്ന് 96,000 രൂപയാണ് ലഭിക്കുന്നത്. ഇത് ഏകദേശം 1.2 ലക്ഷമായി ഉയര്‍ന്നേക്കും. എംഎല്‍എമാര്‍ക്ക് ലഭിച്ചിരുന്ന 70,000 രൂപയില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. യാത്രപ്പടി അടക്കമുള്ള ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വർധന ശുപാർശ ചെയ്തിട്ടുണ്ട്.

പെന്‍ഷന്‍ ഇനത്തിലും വര്‍ധനവ് കാര്യമായി പ്രകടമായേക്കും. 8,000 രൂപ മുതൽ 20,000 രൂപവരെയുള്ള പെൻഷൻ 11,000 മുതൽ 27,000 രൂപവരെയാവും. ഒരുദിവസമെങ്കിലും എം.എൽ.എ. ആയിരുന്നവർക്കാണ് നിലവിൽ 8,000 രൂപ ലഭിക്കുന്നത്. അഞ്ചുവർഷം എം.എൽ.എ. ആയിരുന്നവർക്ക് 20,000 രൂപയും. അഞ്ചുവർഷത്തിൽ കൂടുതൽകാലം എം.എൽ.എ. ആയിരുന്നാൽ ഓരോ അധികവർഷത്തിനും ആയിരം രൂപ കൂടുതൽ ലഭിക്കും.

2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം അവസാനമായി ഉയര്‍ത്തിയത്. ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കുന്ന പക്ഷം മാര്‍ച്ച് 30ന് മുന്‍പായി നിയമസഭയില്‍ ബില്ലായി എത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതിനിടെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കും.

അലവൻസുകളായാണ് എം.എൽ.എ.മാർക്ക് വേതനം ലഭിക്കുന്നത്. ചെറിയനിരക്കിലുള്ള സ്ഥിരം അലവൻസും മറ്റു അലവൻസുകളും.
മന്ത്രിമാർക്ക് ക്ഷാമബത്തയോടെ ശമ്പളം ലഭിക്കും. യാത്രപ്പടിയായി കുറഞ്ഞത് 20,000 രൂപ ലഭിക്കും. ഇതിലധികം യാത്രചെയ്താൽ മന്ത്രിമാർക്ക് കിലോമീറ്ററിന് 15 രൂപയും എം.എൽ.എ.മാർക്ക് 10 രൂപയും ലഭിക്കും.
മന്ത്രിമാരുടെ ഒദ്യോഗിക വാഹനത്തിന്റെ ഇന്ധനച്ചെലവ് അവരാണ് വഹിക്കുന്നത്.
മന്ത്രിമാരുൾപ്പെടെ എല്ലാ എം.എൽ.എ.മാർക്കും വർഷം മൂന്നുലക്ഷം രൂപയുടെ യാത്രക്കൂപ്പൺ അനുവദിക്കും. ജീവിത പങ്കാളിക്കുകൂടിചേർത്താണിത്‌. ഇതിൽ 50,000 രൂപയ്ക്ക് വിമാനയാത്ര നടത്താം.
സഭാസമ്മേളനമോ അതുമായി ബന്ധപ്പെട്ട യോഗങ്ങളോ ഉള്ളപ്പോൾ ദിവസം 1000 രൂപയും കേരളത്തിനുപുറത്ത് 1200 രൂപയും ദിനബത്തയുണ്ട്. ഈ അലവൻസുകളും വർധിപ്പിക്കാനാണ് ശുപാർശ.
എം.എൽ.എ.യ്ക്കും ജീവിതപങ്കാളിക്കും ചികിത്സയ്ക്കുള്ള യഥാർഥചെലവും ലഭിക്കും. ഇത് മുൻ എം.എൽ.എ.മാർക്കും ബാധകമാണ്.
പുസ്തകം വാങ്ങാൻ വർഷം 15,000 രൂപ അനുവദിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group