Join News @ Iritty Whats App Group

'മുകളിൽ ഉള്ളവർ തീരുമാനിക്കട്ടെ'; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിടുമെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.

കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിൽ ചാൻസലർ ബിൽ ഒഴികെയുള്ളവയിൽ ഗവർണർ ഒപ്പിട്ടിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത. നേരത്തെ നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിലും വിസി നിർണയത്തിനുള്ള സർച്ച് കമ്മിറ്റിയിൽ ഗവർണറെ അധികാരം കുറക്കാനുള്ള ബില്ലിലും ഗവർണറുടെ തീരുമാനം നീളുകയാണ്.

സർക്കാറും ഗവർണറും തമ്മിൽ വെടിനിർത്തുന്നതിന്റെ സൂചന നൽകി നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. തർക്കം അവസാനിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് ഇന്ന് ചാൻസലർ ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന് ഗവർണർ സൂചന നൽകിയത്. ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗം പതിഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവർണറെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13ന് സമ്മേളനം തീർന്നെങ്കിലും ഇതുവരെ ഗവർണറെ അറിയിച്ചിരുന്നില്ല. നയപ്രഖ്യാപന പ്രസംഗം നീട്ടി കഴിഞ്ഞ സമ്മേളനത്തിന്റെ തുടർച്ചയായി ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ ഉപേക്ഷിച്ചത്.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തടെ നിയമസഭാ സമ്മേളനം ഈ മാസം 23ന് തുടങ്ങും. സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24, 25 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group