Join News @ Iritty Whats App Group

പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഹരിത കർമസേനയ്ക്ക് യൂസർഫീ നൽകേണ്ടതുണ്ടോ? സോഷ്യൽ മീഡിയയിലെ പ്രചരണത്തിന്റെ യാഥാർഥ്യം

വീടുകളിലെ പ്ലാസ്റ്റിക് ശേഖരണത്തിനായെത്തുന്ന ഹരിത കര്‍മസേനയ്ക്ക് യൂസർഫീ ഇനത്തിൽ പണം നല്‍കേണ്ടതില്ലയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. എന്നാൽ പ്ലാസ്റ്റിക് ശേഖരണത്തിനായെത്തുന്ന ഹരിത കർമസേനയ്ക്ക് യൂസർഫീ ഈടാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പറയുന്നു.

യൂസർഫീ
കേന്ദ്രസർക്കാർ 2016ൽ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിക്കുന്ന നിയമത്തിലൂടെ നിശ്ചയിക്കുന്ന യൂസർഫീ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നൽകണം. ഈ ചട്ടങ്ങൾ പ്രകാരമുള്ള നിയമാവലി ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട് .കേരള സർക്കാരിന്റെ 2020 ഓഗസ്റ്റ് 12ലെ ഉത്തരവ് പ്രകാരമാണ് തദ്ദേശസ്ഥാപനങ്ങൾ മാലിന്യശേഖരണത്തിന് യൂസർഫീ നിശ്ചയിക്കുകയും നൽകാത്തവർക്ക് സേവനം നിഷേധിക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തത്.

നിയമാധികാരം
പ‍ഞ്ചായത്തിലേക്ക് അല്ലെങ്കിൽ മുനിസിപ്പാലിറ്റിയിലേക്ക് നൽകേണ്ട ഏതെങ്കിലും തുക നൽകാതിരുന്നാൽ അത് നൽകിയതിന് ശേഷം മാത്രം സേവനം കൊടുത്താൽ മതിയെന്ന തീരുമാനമെടുക്കാൻ അതതു പഞ്ചായത്തിനും നഗരസഭയ്ക്കും കേരള പഞ്ചായത്ത്-മുനിസിപ്പാലിറ്റി നിയമങ്ങൾ‌ അധികാരം നൽകുന്നുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടർ പറയുന്നു.

യൂസർഫീ നൽകിയില്ലെങ്കില്‍
യൂസർഫീ നൽകാത്തവർക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറാത്തവർ‌ക്കും അലക്ഷ്യമായിവലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ 10000 രൂപമുതല്‍ 50000 രൂപ വരെ പിഴ ചുമത്താൻ നിർദേശമുണ്ട്. പിഴ ചുമത്താൻ നിയമാവലിയിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അധികാരം നൽകിയിട്ടുണ്ട്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ
ഹരിത കർമസേനയ്ക്ക് യൂസർഫീ നൽകേണ്ടതില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും നടക്കുന്ന പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡപ്യൂട്ടി ഡയറക്ടർ വിശദീകരണവുമായി രംഗത്തെത്തിയത്. ഇത്തരത്തിൽ‌ തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടർ‌ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group