Join News @ Iritty Whats App Group

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; മനംനിറഞ്ഞ് ഭക്തലക്ഷങ്ങള്‍


ശബരിമല: ശരണമന്ത്രണങ്ങളാൽ മുഖരിതമായ കലിയുഗവരദന്റെ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദർശിച്ച് അയ്യപ്പഭക്തർ. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ ഇത്തവണ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമല ശ്രീ​കോവിലില്‍ തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടിൽ മൂന്നു തവണ മകരജ്യോതി തെളിഞ്ഞത്.

വൈകിട്ട് ആറ് മണിയോടെ തിരുവാഭാരണ ഘോഷയാത്ര സന്നിധാനത്ത് എത്തി. ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവർത്തകരും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തിൽ എത്തിയതോടെ തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭാരണം ഏറ്റുവാങ്ങി. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി. ആറരയോടെ ശ്രീകോവിലിന്റെ നടതുറന്നു.

മകരവിളക്ക് ദർശനത്തിനായി ഭക്തലക്ഷങ്ങളാണ് സന്നിധാനത്തും പരിസരത്തും തമ്പടിച്ചത്. മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഭക്തരുടെ തിരക്ക് മുന്നിൽകണ്ട് സന്നിധാനത്ത് വിവിധ സെക്ടറുകൾ ഉൾപ്പെടുന്ന രണ്ട് ഡിവിഷനുകളായി തിരിച്ച് രണ്ട് എസ്.പി.മാർക്ക് പ്രത്യേക ചുമതല നൽകിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group