Join News @ Iritty Whats App Group

അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലും കൃഷിയിടങ്ങളും നടത്തിയ അടയാളപ്പെടുത്തലുകൾ ആരാണ് നടത്തിയത് എന്ന് കണ്ടെത്താൻ അധികൃതർക്കായില്ല;സംഭവത്തിൽ ദുരൂഹത




ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ ജനങ്ങളെ ഭീതിയിലാക്കിയ പഞ്ചായത്തിലെ ജനവാസ മേഖലയിലും കൃഷിയിടങ്ങളും നടത്തിയ അടയാളപ്പെടുത്തലുകൾ ആരാണ് നടത്തിയത് എന്ന് കണ്ടെത്താൻ ഇതുവരെ അധികൃതർക്കയില്ല. സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. നിജസ്ഥിതി കണ്ടെത്താൻ കഴിയാത്തത് അധികൃതരെയും കുഴക്കുകയാണ്. 
ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശം എന്ന നിലയിലും വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ജനവാസ മേഖല എന്ന നിലയിലും അടയാളപ്പെടുത്തലിന് വളരെ പ്രാധാന്യം കൈവരികയാണ്. കർണ്ണാടകയുടെ കുടക് ബ്രഹ്മഗിരി വന്യജീവി സങ്കേത്തതിൽ നിന്നും നിശ്ചിത അകലത്തിലുള്ളതാണ് എല്ലാ അടയാളപ്പെടുത്തലുകളും എന്നതും ശ്രദ്ധേയമാണ്. അടയാളപ്പെടുത്തിയിരിക്കുന്ന അയ്യൻകുന്നിലെ നാലു വാർഡുകളുടെ ഭാഗങ്ങളെല്ലാം ബ്രഹ്മഗരി വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള കരുതൽ വനമേഖ എന്ന നിലയിൽ അടയാളപ്പെടുത്തലിന് ഏറെ പ്രധാന്യം കൈവന്നിരിക്കുന്നതും. 
 അതേസമയം രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അതിരിടുന്ന വന മേഖലയോട് ചേർന്നുളള പ്രദേശങ്ങളെ കരുതൽ മേഖലയിൽ നിന്നും ഒഴിവാക്കണമെന്നാണ് വ്യവസ്ഥ. ഇക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വനംവകുപ്പ് അധികൃതർ തറപ്പിച്ചു പറയുന്നത്. ഇത് പറയുമ്പോഴും പഞ്ചായത്തിലെ എല്ലാ ഇടങ്ങിളിലും സമാന രീതിയിലുള്ള അടയാളപ്പെടുത്തലിന് പിന്നിലെ ലക്ഷ്യമെന്തെന്നകാര്യം വനം വകുപ്പിനെ അസ്വസ്ഥമാക്കുന്നുമുണ്ട്. അടയാളപ്പെടുത്തലിന് ഔദ്യോഗിക തലം ഇല്ലാഞ്ഞതിനാൽ കാര്യമാക്കേണ്ടെന്ന നിലപാടാണ് റവന്യു വകുപ്പിനും. എന്നാലും അറിയിപ്പ് പോലും നൽകാതെ ഏത് ഏജൻസിക്കും സർവ്വെ നടത്താനോ അടയാളപ്പെടുത്താനോ അവകാശം ഇല്ല. പിന്നെ എങ്ങനെ ഇത്രയും പ്രദേശത്ത് അടയാളപ്പെടുത്തൽ ഉണ്ടായി എന്നതും ഗൗരവമേറിയ കാര്യമായി മാറുകയാണ്.
സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നാണ് കർണ്ണാടക അധികൃതർ പറയുന്നതെങ്കിലും കണ്ണൂർ ജില്ലാ ഭരണകൂടം വൈകിയാണെങ്കിലും ജാഗ്രതയിലാണ്. എ ഡി എം കെ.കെ. ദിവാകരനും തഹസിൽദാർ സി.വി. പ്രകാശനും മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തി.
വനം ഉത്തര മേഖല സി സി എഫ് കെ.എസ്. ദീപയും സംഘവും മേഖലയിൽ എത്തിയത് വനം മന്ത്രിയുടേയും പ്രിൻസിപ്പൽ കൺസർവേറ്ററുടേയും നിർദ്ദേശപ്രകാരമാണ്. പാലത്തുംകടവിൽ ബാരാ പോൾ മിനി ജലവൈദ്യുത പദ്ധതിയുടെ കനാലിന് സമീപം അടയാളപ്പെടുത്തലിന് ആളുകൾ എത്തിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ കർഷകനായ ജോർജ് കുന്നത്ത് പാലക്കലിൽ നിന്നും ഇവർ വിവരങ്ങൾ ശേഖരിച്ചു. കന്നട ഭാഷ സംസാരിക്കുന്ന മൂന്നുപേർ ഇവിടെയെത്തി ഉപകരണങ്ങൾ ഉപയോഗിച്ച് മാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതായും ഇദ്ദേഹം പറഞ്ഞു. പോലീസ് സംഘം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രദേശത്തെ വിവിധയിടങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പാലത്തുംകടവിലും കളിതട്ടുംപാറയിലും കണ്ട കാർ ഏതെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമാർഗത്തിലൂടെ നമ്പർ കണ്ടെത്താൻ കഴിഞ്ഞാൽ അടയാളപ്പെടുത്തിയവരെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് വനം , റവന്യു വകുപ്പുകൾ. കിളിയന്തറ, കൂട്ടുപുഴ ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണ ക്യാമറകൾപരിശോധിക്കാനുള്ള നടപടികളും തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസ്, ബിജിനിത്ത് കുറുപ്പൻ പറമ്പ് എന്നിവരും, കരിക്കോട്ടക്കരി പോലീസ് അധികാരികളും നിരവധികർഷകരും സ്ഥലത്ത് എത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group